മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസ്; നാല് പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. അതേസമയം, സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. പോലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.മെയ് നാലിന് മണിപ്പൂരിലെ തൗബാലില്‍ ഉണ്ടായ കലാപത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എഫ്‌ഐആര്‍ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടക്കുന്ന്. ഇത് വന്‍ രോഷത്തിന് വഴിവെച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളില്‍ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും മോഡി പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. ഹൃദയത്തില്‍ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കും.

മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version