അഖിലേഷ് യാദവും മായാവതിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഇല്ലെന്ന് സൂചന

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. യുപിയില്‍ ബിജെപിക്കെതിരായ സഖ്യ നീക്കമായ മഹാഗട്ബന്ധന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസിനെ ഈ സഖ്യത്തോടൊപ്പം ചേര്‍ക്കാന്‍ താല്‍പര്യമില്ലാത്ത ഇരുവരുടേയും കൂടിക്കാഴ്ച രാഷ്ട്രീയ ലോകം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കുന്നതിനോടൊപ്പം, ചെറു പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തിയായിരിക്കും സഖ്യ രൂപീകരണം.

തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ജനുവരി 15നു ശേഷം തീരുമാനിക്കും. സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുന്നുവെങ്കിലും ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയിലോ അമേഠിയിലോ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഇരു നേതാക്കളും തയ്യാറായേക്കില്ല. മധ്യപ്രദേശില്‍ എസ്പിയുടെ ഒരേയൊരു എംഎല്‍എക്ക് കമാല്‍നാഥ് സര്‍ക്കാറില്‍ മന്ത്രിസ്ഥാനം നല്‍കാത്തതിന് കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച അഖിലേഷ് സൂചിപ്പിച്ചിരുന്നു.

Exit mobile version