അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു; യുവഎഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ; സംഭവം മഹാരാഷ്ട്രയിൽ

താനെ: അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ യുവ എഞ്ചിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

താനെ മീര ഭായിന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത ജയിൻ വാക്കുതർക്കത്തിനിടെ യുവ എൻജിനീയറുടെ മുഖത്തടിക്കുകയായിരുന്നു. മീര ഭായിന്ദർ മുനിസിപ്പൽ കോർപറേഷനിലെ അനധികൃത നിർമാണം ഒഴിപ്പിക്കാനെത്തിയ സംഘത്തിൽപ്പെട്ട യുവ എഞ്ചിനീയർക്കാണ് മർദ്ദനമേറ്റത്.

സ്ഥലത്തുണ്ടായിരുന്ന രണ്ട് എൻജിനീയർമാരുമായി എംഎൽഎ ദീർഘനേരം തർക്കിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഇവരിൽ ഒരാളുടെ കോളറിനു പിടിക്കുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി ചില കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കിയതോടെ ഏതാനും കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമായിരുന്നു. കൂടാതെ, മഴക്കാലം അടുത്തിരിക്കെ കുട്ടികളെ ഉൾപ്പെടെ വീടുവിട്ടിറങ്ങിയത് എംഎൽഎയെ ചൊടിപ്പിക്കുകയായിരുന്നു എന്നാണ് സൂചന.

ഈ നടപടിയെ ചോദ്യം ചെയ്താണ് എംഎൽഎ എഞ്ചിനീയറെ തല്ലിയതെന്നാണ് വിവരം. കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ എഞ്ചിനീയർമാർക്ക് എന്താണ് അധികാരമെന്ന് എംഎൽഎ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കാണിക്കാനും ഇവർ ആവശ്യപ്പെട്ടിരുന്നു.

ALSO READ- വീടിനായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്; കമ്പ്യൂട്ടറടക്കം കത്തി നശിച്ചു

മുൻപ് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് മേയറായിരുന്ന ഗീത ജെയിൻ 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ചാണ് ജയിച്ച് എംഎൽഎയായത്. പിന്നീട് ബിജെപിയിൽത്തന്നെ തിരിച്ചെത്തിയിരുന്നു.

Exit mobile version