തന്നെ നുണച്ചിയെന്നും, പ്രധാനമന്ത്രിയെ കള്ളന്‍ എന്നും വിളിച്ചു, വികാരധീനയായി നിര്‍മ്മല സീതാരാമന്‍; പ്രതിരോധ മന്ത്രിക്കെതിരെ താനോ പാര്‍ട്ടിയോ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

സഭയിലുള്ള ഒരാളുടെ പേരെടുത്ത് പറയുന്നത് ചട്ടലംഘനമല്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമ്മില്‍ വാക്‌പോര്. തന്നെ നുണച്ചിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കള്ളനെന്നും വിളിച്ചെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

‘എന്നെ ‘നുണച്ചി’ എന്ന് വിളിച്ചു. പ്രധാനമന്ത്രിയെ ‘കള്ളന്‍’ എന്ന് വിളിച്ചു. താന്‍ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍നിന്നാണ് വരുന്നത്. കഠിനാധ്വാനത്തിലൂടെയാണ് വളര്‍ന്നുവന്നത്. എനിക്കും ആത്മാഭിമാനമുണ്ട്. അധിക്ഷേപിക്കാന്‍ എന്നെ കിട്ടുമെന്ന ധൈര്യം പ്രതിപക്ഷത്തിന് എവിടെനിന്നാണു ലഭിച്ചതെന്ന്’ നിര്‍മ്മല സീതാരാമന്‍ ചോദിച്ചു.

പ്രതിരോധമന്ത്രി തന്റെ പേരെടുത്ത് പരാമര്‍ശിച്ചതിന് മറുപടിയായി താന്‍ അനില്‍ അംബാനിയുടെ പേര് പറഞ്ഞപ്പോള്‍ സ്പീക്കര്‍ തടഞ്ഞെന്നും പിന്നീട് ‘ഡബിള്‍ എ’ എന്നാണ് പിന്നീട് പരാമര്‍ശിച്ചതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സഭയിലുള്ള ഒരാളുടെ പേരെടുത്ത് പറയുന്നത് ചട്ടലംഘനമല്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

തുടര്‍ന്ന് പ്രതിരോധമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കി. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന് രാഹുല്‍ വീണ്ടും ആവര്‍ത്തിച്ചു. അതോടൊപ്പം താനോ തന്റെ പാര്‍ട്ടിയോ പ്രതിരോധമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version