ട്രെയിനപകടത്തിന് കാരണമെന്തെന്ന് കണ്ടെത്തി; കാരണക്കാരെയും തിരിച്ചറിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഭൂവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന് കാരണമെന്തെന്ന് തിരിച്ചറിഞ്ഞെ്ന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് അപകടം സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു. ബാലാസോറിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ട് വന്നാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണനയെന്നും മന്ത്രി വിശദീകരിച്ചു. ബുധനാഴ്ചയോടെ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടാകുന്നത്. കോറമണ്ഡൽ എക്സ്പ്രസ് സിഗ്‌നൽ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണ് 288 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടത്തിലേക്ക് നയിച്ചത്.

കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റി നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ തെറിച്ച കോറമണ്ഡൽ എക്സ്പ്രസിന്റെ ചില കോച്ചുകൾ അതേ സമയത്ത് തന്നെ എതിർദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്സ്പ്രസിന്റെ അവസാന നാല് കോച്ചുകളിലേക്ക് പതിച്ചു.

സ്റ്റോപ്പില്ലാത്ത സ്റ്റേഷനായതിനാൽ അതിവേഗതയിലായിരുന്നു രണ്ട് ട്രെയിനുകളും. ദുരന്തത്തിൽ 288 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടെന്നും.ആയിരത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക റിപ്പോർട്ട്.

Exit mobile version