വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതയ്ക്ക് നന്ദി; നടന്‍ പ്രകാശ് രാജ്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുന്നതായും ബിജെപി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതായിട്ടുള്ള ചിത്രവും പരിഹാസ രൂപേണെ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവെച്ചു. പ്രകാശ് രാജ് പങ്കുവെച്ച ചിത്രത്തിലെ വാഹനത്തില്‍ ‘ടാറ്റ ബൈ ബൈ’ എന്ന വാചകവും കാണാം.

വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും കര്‍ണാടക സുന്ദരമാകണമെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബംഗളൂരു ശാന്തിനഗറിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.

അതേസമയം കര്‍ണാടകയില്‍ ആകെയുളള 224 സീറ്റില്‍ 136 സീറ്റില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ വരെ അടിതെറ്റി വീണു. ബിജെപിക്ക് 65 ഉം കിങ് മേക്കറാകുമെന്ന് പ്രവചിച്ച ജെഡിഎസിന് 19 സീറ്റുകളുമാണ് ലഭിച്ചിട്ടുളളത്.

Exit mobile version