സച്ചിന്റെ പരിശീലകനായിരുന്നിട്ടും അച്‌രേക്കറുടെ സംസ്‌കാര ചടങ്ങിന് സംസ്ഥാന ബഹുമതിയില്ല; ബിജെപി സര്‍ക്കാരിനെതിരെ ശിവസേന

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആദ്യകാല പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ സംസ്‌കാരച്ചടങ്ങിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍തല്ലുന്നു. ഫഡ്നാവിസ് സര്‍ക്കാര്‍ അച്രേക്കര്‍ക്ക് സംസ്ഥാന ബഹുമതിയോടെയുള്ള സംസ്‌കാരച്ചടങ്ങ് എന്തുകൊണ്ട് നല്‍കിയില്ലെന്നാണ് ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ ചോദ്യം.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ, ശിവ സേനാ എംപി സഞ്ജയ് റൗട്ട്, എന്‍സിപി നേതാവ് നവാബ് മാലിക്ക് തുടങ്ങി നിരവധി പേരാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. ഭാരതരത്ന നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പരിശീലകനായ, പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച അച്രേക്കര്‍ക്ക് എന്തുകൊണ്ട് അര്‍ഹിച്ച ആദരം നല്‍കിയില്ലെന്നാണ് രാജ് താക്കറെ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണമെന്നും രാജ് താക്കറെ ട്വീറ്റ് ചെയ്തു.

എന്നാല്‍, സച്ചിന്റെ സാന്നിധ്യത്തേക്കാള്‍ വലിയ ബഹുമതി വേറെയുണ്ടോയെന്നാണ് പലരുടേയും ചോദ്യം. ബുധനാഴ്ച്ച മുംബൈ ശിവാജി പാര്‍ക്കിലെ വീട്ടിലായിരുന്നു അച്രേക്കറുടെ അന്ത്യം. 86 വയസ്സായിരുന്നു. ശിവാജി പാര്‍ക്കിനടുത്ത് തന്നെയുള്ള ശ്മാശനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സച്ചിനടക്കമുള്ള ശിഷ്യന്‍മാരായിരുന്നു ശവമഞ്ചം ചുമന്നത്. ശിഷ്യനായ വിനോദ് കാംബ്ലിയും സംസ്‌കാരച്ചടങ്ങിനെത്തിയിരുന്നു.

Exit mobile version