‘എന്റെ സംസ്ഥാനം കത്തുകയാണ്, രക്ഷിക്കണം’, അപേക്ഷിച്ച് മേരി കോം; കലാപം രൂക്ഷം;സൈന്യത്തെ വിന്യസിച്ചു; ഇന്റർനെറ്റ് വിച്ഛേദിച്ചു

ഇംഫാൽ: മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഉടലെടുത്ത സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. സൈന്യത്തേയും അസാം റൈഫിൾസിനേയും വിന്യസിച്ച് സംഘർഷത്തെ നിയന്ത്രിക്കാൻ നീക്കം നടക്കുന്നതിനിടെ സംസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.

മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് ഹൈക്കോടതി പട്ടികവർഗ പദവി നൽകിയതിന് എതിരെ മറ്റ് പട്ടികവർഗ വിഭാഗങ്ങൾക്കിടയിലുണ്ടായ അതൃപ്തിയാണ് സംഘർഷത്തിലേക്ക് നയിച്ചിരിക്കുന്നത്. മണിപ്പൂരിൽ അഞ്ച് ദിവസത്തേക്കാണ് മൊബൈൽ ഇന്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുവാക്കൾക്കിടയിലെ വ്യാജപ്രചാരണം തടയുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

മുഖ്യമന്ത്രി ബിരേൻ സിംഗ് കൈക്കൊണ്ട വനമേഖല സംരക്ഷണ നയങ്ങളോടുള്ള എതിർപ്പും സംഘർഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. വനം കൈയ്യേറിയവരും വനമേഖലയിലെ ലഹരി മാഫിയയും സംഘർഷത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

അതേസമയം, സംസ്ഥാനത്തെ സംഘർഷത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മണിപ്പൂർ സംഘർഷത്തിൽ മരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമത്തിൽ മരണവും നാശനഷ്ടവും ഉണ്ടായിട്ടുയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആക്രമണങ്ങളുടെ വ്യാപ്തി ഇനിയും പുറംലോകത്തെത്തിയിട്ടില്ല.

ALSO READ- വയറിളക്കവും ഛര്‍ദിയും, 13കാരന് ദാരുണാന്ത്യം, രണ്ട് കുട്ടികള്‍ ചികിത്സയില്‍, ഭക്ഷ്യവിഷബാധയെന്ന് വീട്ടുകാര്‍

രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്ചയായിട്ടും പ്രതിഷേധത്തെ അണയ്ക്കാൻ സർക്കാരിനായില്ല. സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്‌ലാഗ് മാർച്ച് നടത്തി.

ഇതിനിടെ, മണിപ്പൂരിലെ സംഘർഷം പരിഹരിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബോക്‌സിംങ് ഇതിഹാസം മേരി കോം രംഗത്തെത്തി. ‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ’-എന്ന് മണിപ്പൂരിലെ സംഘർഷത്തിന്റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്ത് മേരി കോം അഭ്യർത്ഥിച്ചു.


അക്രമ സംഭവങ്ങൾ കൂടിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയെന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്.

Exit mobile version