ഇന്ത്യ മുസ്ലീംങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണെങ്കിൽ എങ്ങനെ മുസ്ലീം ജനസംഖ്യ കൂടുന്നു? യുഎസിലെ സംവാദത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ

വാഷിങ്ടൺ: ഇന്ത്യയിൽ മുസ്ലീംങ്ങൾ പ്രശ്നങ്ങളൊന്നുമില്ലാതെ സാധാരണ ജീവിതമാണ് തുടരുന്നതെന്ന് പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യ മുസ്ലീംങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണെങ്കിൽ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്നും മന്ത്രി യുഎസിൽ നടന്ന സംവാദത്തിനിടെ പ്രതികരിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ വർധിക്കുക മാത്രമാണ് ചെയ്തതെന്നും അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലെ പീറ്റേഴ്സൺ ഇന്റർനാഷണൽ ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംവാദത്തിൽ മന്ത്രി പ്രതികരിച്ചു.

ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരേയുള്ള നടപടിയും മുസ്ലീംങ്ങൾക്കെതിരേയുള്ള അതിക്രമവും സംബന്ധിച്ച പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ രാജ്യത്തെ മൂലധന നിക്ഷപത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് നിർമ്മല സീതാരാമൻ പ്രതികരിച്ചത്.

1947ന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ ഉയരുകയാണ് ഉണ്ടായത്. മുസ്ലീംങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണ് ഇന്ത്യയെങ്കിൽ പിന്നെ എങ്ങനെയാണ് ഇവിടെ മുസ്ലീം ജനസംഖ്യ വർധിക്കുന്നത് എന്ന് നിർമ്മല സീതാരാമൻ ചോദിച്ചു.

ALSO READ- ക്രിസ്മസ് സ്റ്റാർ തൂക്കാൻ പാടില്ലെന്ന് പറഞ്ഞ നേതാക്കളുണ്ട് സംഘപരിവാറിൽ; കേരളത്തിൽ ന്യൂനപക്ഷ ആക്രമണം ഇല്ലാത്തത് സർക്കാരിന്റെ കാർക്കശ്യം കൊണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

ഇന്ത്യയിൽ നേരിട്ട് വരുകയോ ഇവിടുത്തെ യാഥാർഥ്യം തിരിച്ചറിയുകയോ ചെയ്യാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. സത്യാവസ്ഥ തിരിച്ചറിയാതെ റിപ്പോർട്ടുകൾ മാത്രം അടിച്ചുവിടുന്നവരുടെ നിഗമനങ്ങൾ ശ്രദ്ധിക്കാതെ ഇന്ത്യയിൽ നടക്കുന്നത് എന്താണെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടണം, അതാണ് ഇന്ത്യയിൽ നിക്ഷേപിക്കാൻ താത്പര്യമുള്ളവരോട് പറയാനുള്ളതെന്നും മന്ത്രി പ്രതികരിച്ചു.

Exit mobile version