അമൂല്‍ കര്‍ണാടകയിലേക്ക്: ‘ഗോ ബാക്ക് അമൂല്‍, സേവ് നന്ദിനി’ പ്രചാരണം ശക്തം

ബംഗളൂരു: അമൂല്‍ താസ കര്‍ണാടകയിലേക്ക് ചേക്കേറുന്നു. ‘അമൂല്‍ താസ ബംഗളൂരുവില്‍ ഉടന്‍ എത്തുന്നു’…കര്‍ണാടകയിലേക്കുള്ള അമൂലിന്റെ വരവറിയിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ കമ്പനിയുടെ പ്രചാരണം സജീവമായിരിക്കുകയാണ്.

അതേസമയം, ‘ഗോ ബാക്ക് അമൂല്‍, സേവ് നന്ദിനി എന്നീ ഹാഷ്ടാഗുകളുമായി സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനവും ശക്തമായിരിക്കുകയാണ്. അമൂലിന്റെ വരവ് സംസ്ഥാനത്തിന്റെ തദ്ദേശിയ ബ്രാന്‍ഡായ നന്ദിനിയെ തകര്‍ക്കുമോ എന്ന ആശങ്കയാണ് ഗോ ബാക്ക് അമൂല്‍ ഹാഷ്ടാഗിന് പിന്നില്‍.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമൂലും തദ്ദേശീയമായി നിര്‍മിക്കുന്ന നന്ദിനിയും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അമിത് ഷാ മാണ്ഡ്യയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയാ പോരിന് തുടക്കം കുറിച്ചത്. ക്ഷീര കര്‍ഷകര്‍, പ്രതിപക്ഷ നേതാക്കള്‍, പ്രോ കന്നഡ വിഭാഗം എന്നിവര്‍ അമിത് ഷായുടെ ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സംസ്ഥാന പാല്‍ ഫെഡറേഷന്‍ നന്ദിനിക്ക് വേണ്ട പിന്തുണയോ പ്രചാരണമോ നല്‍കുന്നില്ലെന്നാണ് കെഎംഎഫ് ഡയറക്ടര്‍മാരില്‍ ഒരാളായ ആനന്ദ് കുമാര്‍ പറയുന്നത്. പാല്‍ വില നിയന്ത്രിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് അവകാശം നല്‍കണമെന്നും ആനന്ദ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

‘അമൂലിനെക്കാള്‍ മികച്ച നിലവാരത്തിലുള്ള പാലാണ് നന്ദിനിയുടേതെങ്കിലും, മാര്‍ക്കറ്റിംഗിലും പ്രമോഷനിലും നന്ദിനി വളരെ പിന്നിലാണ്. അതുകൊണ്ടാണ് സേവ് നന്ദിനി ക്യമ്പെയിന്‍ പ്രധാനപ്പെട്ടതാകുന്നത്. അമൂല്‍ പാലിന്റെ ഉപയോഗം 10% മാത്രമാണെങ്കിലും അവരുടെ പരസ്യം 90% ഉണ്ട്. ഇത് കര്‍ണാടകയിലെ ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നന്ദിനിയുടെ ബ്രാന്‍ഡ് വാല്യു വര്‍ധിപ്പിക്കാന്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്’- ആനന്ദ് പറഞ്ഞു.

Exit mobile version