സിനിമയിലെ ശക്തയായ സ്ത്രീ കാപ്പി കുടിക്കാൻ രാത്രി വരണമെന്ന് ആവശ്യപ്പെട്ടു; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടനും എംപിയുമായ രവി കിഷൻ

മീ ടൂ ആരോപണങ്ങളുടെയും കാസ്റ്റിങ് കൗച്ച് അനുഭവങ്ങളുടെയും വെളിപ്പെടുത്തൽ കാലത്ത് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടനും എംപിയുമായ രവി കിഷൻ. തനിക്കും കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ഒരു സ്ത്രീയിൽ നിന്നും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായതെന്ന് രവി കിഷൻ പറയുന്നു.

തന്നെ സിനിമയിലെ പ്രമുഖയായ ഒരു സ്ത്രീ അർധരാത്രിയിൽ കാപ്പി കുടിക്കാനായി ക്ഷണിച്ചുവെന്നാണ് രവി കിഷന്റെ വെളിപ്പെടുത്തൽ. ടെലിവിഷൻ ഷോ ആയ ആപ്കി അദാലത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

അർധരാത്രി ഒരു സ്ത്രീ കോഫി കുടിക്കാൻ ക്ഷണിച്ചു. എന്നാൽ അന്നത്തെ കാസ്റ്റിങ് കൗച്ച് ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം ടെലിവിഷൻ ഷോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഭോജ്പുരി, ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനാണ് രവി കിഷൻ. തനിക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്നാൽ, എങ്ങനെയൊക്കെയോ അതിൽനിന്ന് രക്ഷപ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ALSO READ- രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി അമ്മയുമായി തർക്കം; ഗായികയും നടിയുമായ രുചിസ്മിത ജീവനൊടുക്കിയ നിലയിൽ

തന്നോട് പിതാവ് പറഞ്ഞിട്ടുള്ളത് ജോലിയെ ആത്മാർത്ഥമായി സമീപിക്കണമെന്നാണ്. വിജയത്തിനായി കുറുക്കുവഴികളിലൂടെ ഒന്നും ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തനിക്ക് സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരുന്നെന്നും രവി കിഷൻ പറഞ്ഞു.

അന്ന് ഒരു സ്ത്രീയാണ് വിളിച്ചത്. അവരുടെ പേര് പറയാൻ സാധിക്കില്ല. സിനിമാ ഇൻഡസ്ട്രിയിലെ വളരെ ശക്തയായ ഒരാളാണ് അവരിപ്പോൾ. ഒരു കപ്പ് കാപ്പി കുടിക്കാൻ രാത്രി വരണം എന്നായിരുന്നു അവർ തന്നോട് പറഞ്ഞത്. സാധാരണ ആളുകൾ പകലാണ് കാപ്പി കുടിക്കാൻ വിളിക്കാറ്. അതുകൊണ്ടുതന്നെ അവർ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലാവുകയും ആ കാര്യം തള്ളിക്കളയുകയും ചെയ്തെന്ന് രവി കിഷൻ വിശദീകരിച്ചു.

1992-ൽ സിനിമാലോകത്തെത്തിയ രവി കിഷൻ, ഭോജ്പുരി സിനിമയുടെ മുഖം എന്നറിയപ്പെടുന്ന നടനാണ്. ബോളിവുഡിൽ ഹേരാ ഫേരി, ലക്ക്, ബുള്ളറ്റ് രാജ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. തെലുങ്ക് തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിലവിൽ യുപിയിലെ ഗൊരഖ്പുരിൽ നിന്നുള്ള എംപിയാണ് ഇദ്ദേഹം.

Exit mobile version