എയര്‍ഹോസ്റ്റസ് അര്‍ച്ചനയുടെ മരണം കൊലപാതകമെന്ന് അമ്മ: ഉയരത്തില്‍ നിന്ന് ചാടാന്‍ പ്രയാസമാണെന്ന് പോലീസ്

ബംഗളൂരു: ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ആണ്‍സുഹൃത്ത് മലയാളിയായ ആദേശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തന്റെ മകളെ ആദേശ് തള്ളിയിട്ടെന്നാണ് അര്‍ച്ചനയുടെ അമ്മയുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദേശ് താമസിക്കുന്ന കോറമംഗലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അര്‍ച്ചന കാലു തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദേശിന്റെ വിശദീകരണം. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആദേശ് ബംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരനും അര്‍ച്ചന ദുബായിയില്‍ അന്താരാഷ്ട്ര വിമാന കമ്പനിയില്‍ ജീവനക്കാരിയും മോഡലുമാണ്. ഇരുവരും ഒരു ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നതെന്നും ആറു മാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സംഭവം നടന്ന രാത്രിയില്‍ ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ബഹളത്തിനിടെ യുവതി ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് യുവാവ് പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ പ്രയാസമാണെന്നും യുവതിയെ ആദേശ് കൊലപ്പെടുത്തിയതിന് തന്നെയാണ് സാധ്യതയെന്നും ബംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സി കെ ബാവ അറിയിച്ചിരുന്നു.

Exit mobile version