വിവാഹത്തിന് കൂടുതല്‍ സുന്ദരിയാവാന്‍ പാര്‍ലറില്‍ പോയി, വധുവിന്റെ മുഖം വികൃതമായി; കല്ല്യാണം വേണ്ടെന്ന് വച്ചു വരന്‍

ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു.

ബാംഗ്ലൂര്‍: വിവാഹദിനത്തില്‍ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ യുവതിയുടെ ജീവിതം മാറിമറിഞ്ഞു. മേക്ക്അപ്പ് ചെയ്യുന്നതിനിടെ ബ്യൂട്ടിഷന്റെ അശ്രദ്ധകൊണ്ട് വധുവിന്റെ മുഖം വികൃതമായതിനെ തുടര്‍ന്ന് വരന്‍ കല്ല്യാണം വേണ്ടെന്ന് വച്ചു. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം.

കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണ്ടതോടെയാണ് വരന്‍ വിവാഹം ഉപേക്ഷിച്ചത്. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു.

സംഭവത്തില്‍ ബ്യൂട്ടിപാര്‍ലറിനെതിരെ യുവതിയുടെ കുടുംബം കേസ് നല്‍കിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ ഉടമ ഗംഗക്കെതിരെ പോലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

Exit mobile version