1100 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി എത്തി: സല്‍മാന്‍ ഖാനെ നേരില്‍ കണ്ട് സെല്‍ഫിയെടുത്തു, സമീറിന് സ്വപ്‌ന സാഫല്യം

മുംബൈ: ആരാധനാപാത്രത്തെ കാണാന്‍ ഏതറ്റവും പയറ്റുന്നവരാണ് ആരാധകര്‍. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ആരാധകന്‍ താരത്തിനെ കാണാനെത്തിയതാണ് സോഷ്യലിടത്ത് നിറയുന്നത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് മുംബൈ വരെ സൈക്കിള്‍ ചവിട്ടി എത്തിയ സമീര്‍ എന്ന ആരാധകനാണ് സോഷ്യലിടത്ത് നിറയുന്നത്.

സല്‍മാന്‍ ഖാന്റെ കടുത്ത ആരാധകനാണ് സമീര്‍. എന്റര്‍ടെയിന്‍മെന്റ് സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ആരാധകന്റെ വീഡിയോ പുറത്തുവന്നത്. സല്‍മാന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 27-നാണ് താരത്തിനെ നേരില്‍ കാണാന്‍ സമീര്‍ എത്തിയത്. 1100 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി എത്തിയാണ് സമീര്‍ തന്റെ സ്വപ്‌നം സഫലമാക്കിയത്.

സല്‍മാനെ കണ്ട് ആശംസയര്‍പ്പിച്ച് മടങ്ങുക എന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളുവെങ്കിലും സല്‍മാന്‍ ഖാനൊപ്പം ചേര്‍ന്ന് ചിത്രമെടുക്കാനും സമീറിന് കഴിഞ്ഞു. സമീറിനേയും സമീറിന്റെ സൈക്കിളിനേയും ചേര്‍ന്നു നിന്നുള്ള സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദറിലാണ് സല്‍മാന്‍ ഖാന്‍ ഒടുവില്‍ അഭിനയിച്ചത്. മലയാളചിത്രം ലൂസിഫറിന്റെ റീമേക്ക് ആയിരുന്നു ഇത്. കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്‍ നായകനായി വരാനിരിക്കുന്ന ചിത്രം. അജിത്ത് നായകനായ വീരം എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണിത്. കത്രീനാ കൈഫ് നായികയാവുന്ന ടൈഗര്‍ 3-യും സല്‍മാന്‍ ഖാന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രമായ പത്താനില്‍ അതിഥി വേഷത്തിലും താരമെത്തുന്നുണ്ട്.

Exit mobile version