പുതുവർഷത്തിൽ ഈ സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ നടക്കരുത്; മൃഗബലി നടത്തി പോലീസുകാർ, ശേഷം ബലി കൊടുത്ത ആടുകളെ കറിവെച്ച് വിളമ്പി

പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പോലീസുകാർ. തമിഴ്നാട് ദിണ്ടിഗലിലെ വടമധുര പോലീസ് സ്‌റ്റേഷനിലാണ് വിചിത്ര സംഭവ വികാസങ്ങൾ അരങ്ങേറിയത്. രണ്ട് ആടുകളെയാണ് പോലീസുകാർ ക്ഷേത്രത്തിലെത്തിച്ച് ബലി നടത്തിയത്. വേദസന്ദൂർ താലൂക്ക്, അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

വേദസന്ദൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദുർഗാദേവി, വടമധുര സ്റ്റേഷനിലെ ഇൻസ്പെക്ടർ ജ്യോതി മുരുകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബലി നടന്നത്. ആടിനെ ബലി അർപ്പിച്ച് പൊങ്കാലയർപ്പിച്ച ശേഷമാണ് പോലീസുകാർ മടങ്ങിയത്. ബലിയർപ്പിച്ച ആടുകളെ കറിവച്ച് ക്ഷേത്രത്തിൽ നടത്തിയ സദ്യയിൽ വിളമ്പുകയും ചെയ്തു.

പുതുവർഷത്തിൽ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടുള്ള വഴിപാടിന്റെ ഭാഗമായിരുന്നു ബലി നടത്തിയതെന്നാണ് നിയമപാലകർ നൽകുന്ന വിശദീകരണം.

Exit mobile version