‘വീട്ടിലേക്ക് വിളിച്ചു വരുത്തി, കയറി പിടിച്ചു’; കായികമന്ത്രിക്ക് എതിരെ വനിതാ കോച്ചിന്റെ പരാതി; സന്ദീപ് സിംഗിന്റെ മന്ത്രിസ്ഥാനം തെറിച്ചു

ന്യൂഡല്‍ഹി: ജൂനിയര്‍ അത്ലറ്റിക്‌സ് ടീമിനെ പരിശീലിപ്പിക്കുന്ന ഹരിയാനയിലെ വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഹരിയാന കായികമന്ത്രിയുടെ സ്ഥാനം തെറിച്ചു. സംഭവത്തില്‍ ചണ്ഡിഗഡ് പോലീസ് കേസെടുത്തതിനു പിന്നാലെയാണ് മുന്‍ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ് രാജിവെച്ചത്. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ വനിതാ കോച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ (ഐഎന്‍എല്‍ഡി) ഓഫീസില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

യുവതി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സന്ദീപ് സിങ്ങിനെ ഉടന്‍ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, തനിക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ രാജി.

”ജിമ്മില്‍ വച്ചാണ് സന്ദീപ് സിങ്ങിനെ പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ ബന്ധപ്പെട്ടു. പിന്നീട് നേരിട്ടു കാണണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. ദേശീയ ഗെയിംസ് സര്‍ട്ടിഫിക്കറ്റിലെ ചില അനിശ്ചിതത്വങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടുകാണണമെന്ന് പറഞ്ഞു.’

also read- കോഴിക്കോട് വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

‘പിന്നീട് ചില രേഖകളുമായി മന്ത്രിയുടെ ഓഫിസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് മന്ത്രി ലൈംഗികാതിക്രമം നടത്തി. കയറി പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു’-എന്നാണ് വനിതാ കോച്ച് ആരോപിച്ചിരിക്കുന്നത്.

പിന്നാലെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Exit mobile version