ഇനിയുള്ള കാലം മകള്‍ക്ക് വേണ്ടി! പുസ്തകങ്ങള്‍ പ്രസിദ്ധീകരണം; എഴുത്ത് തുടരണം; ഭാവി പദ്ധതികള്‍ വ്യക്തമാക്കി ചാള്‍സ് ശോഭ് രാജ്

മുംബൈ: ജയില്‍ മോചനത്തിന് ശേഷം ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൊടും കുറ്റവാളി ചാള്‍സ് ശോഭ് രാജ്. കഴിഞ്ഞ ദിവസമാണ് ചാള്‍സിനെ നേപ്പാള്‍ സുപ്രീംകോടതി മോചിപ്പിച്ചത്. മോചിപ്പിച്ച ശേഷം ശോഭ് രാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തിയിരുന്നു.

2016 ല്‍ തന്റെ ജയില്‍മോചന ശേഷം അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തില്‍ ചാള്‍സ് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിട്ടയച്ചതിന് ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയില്‍ നല്‍കിയ അഭിമുഖം ജയില്‍ മോചനത്തിന് പിന്നാലെ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

ഫ്രാന്‍സിലുള്ള തന്റെ കുടുംബത്തിനടുത്തേക്കാണ് ചാള്‍സ് പോകുന്നത്. ജീന്‍ ചാഴ്സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചാരണ പരിപാടികളിലും ഡോക്യുമെന്ററി നിര്‍മാണങ്ങളിലും വ്യാപൃതനാകണം. മറ്റൊരു എഴുത്ത് തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണമെന്നും ചാള്‍സ് പറയുന്നു.

Read Also: 2000 രൂപയുടെ പെട്രോള്‍ അടിച്ചതിന് നല്‍കിയത് 10,000 രൂപ: അധിക തുക നല്‍കിയ വാഹനയുടമയെ കാത്ത് മലപ്പുറത്തെ പമ്പുടമ

പാരീസില്‍ ചാള്‍സിന് ഒരു മകളുണ്ട്. നേപ്പാളിലായിരുന്നപ്പോള്‍ തന്റെ അഭിഭാഷകന്റെ മകളെ ചാള്‍സ് വിവാഹം ചെയ്തിരുന്നു. പുണെയിലുള്ള മൂന്ന് സഹോദരിമാരെപോലെ കാണുന്ന സുഹൃത്തുക്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ചാള്‍സ് പറഞ്ഞു. മോചിതനായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് കൂടുതലൊന്നും ചാള്‍സ് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. തുടര്‍ന്നുള്ള ജീവിതത്തിന് തനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും തന്നെയില്ലെന്നും തന്റെ ശാരീരികാരോഗ്യവും മനസികാരോഗ്യവും നല്ല രീതിയില്‍ തന്നെയാണെന്നും ചാള്‍സ് അന്ന് പറഞ്ഞിരുന്നു.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 1970-കളില്‍ ഭീതിവിതച്ച ഫ്രഞ്ച് കൊലയാളിയാണ് ചാള്‍സ് ശോഭ് രാജ് (78). 1975-ല്‍ രണ്ട് യു.എസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ 19 വര്‍ഷമായി തടവില്‍ക്കഴിയുന്ന ശോഭ് രാജിന്റെ പ്രായം കണക്കിലെടുത്താണ് വിട്ടയക്കാനുള്ള ഉത്തരവ്. 21 വര്‍ഷത്തേക്കാണ് ശിക്ഷിച്ചിരുന്നത്. ചാള്‍സിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ബുധനാഴ്ചയാണ് ഉത്തരവിട്ടത്.

Exit mobile version