‘കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല’: സിനിമയിലെ വസ്ത്രധാരണത്തിനാണ് പ്രശ്‌നം; പ്രകാശ് രാജ്

മുംബൈ: ഷാരൂഖ് ഖാന്റെ ‘പത്താന്‍’ സിനിമയിലെ ‘ബേഷാരം രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകള്‍ നടത്തിയാലുമുണ്ടാകാത്ത പ്രശ്‌നങ്ങളാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തെ ചൊല്ലി നടക്കുന്നത് എന്നാണ് താരം പറഞ്ഞത്.

‘കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല.. വിദ്വേഷ പ്രസംഗം നടത്തുന്നു, എംഎല്‍എമാര്‍ക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമിജി പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു, എന്നാല്‍ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്നമാകുന്നു’, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

‘പത്താന്‍’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ ദീപിക കഥാപാത്രത്തെ ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗം
വിവാദമാക്കുന്നത്.

‘ബേഷാരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആരോപിച്ചു. ഹിന്ദു നാമധാരിയായ നടി ദീപികയെ പത്താന്‍ എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്‌കളങ്കമായി കാണാനാകില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് മന്ത്രി പറഞ്ഞത്,

ഗാനരംഗം തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നാരോപിച്ച് വീര്‍ ശിവജി എന്ന സംഘടന അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ചിത്രം ജനുവരിയിലാണ് തിയ്യേറ്ററിലെത്തുന്നത്,

Exit mobile version