ദലിത് സ്ത്രീ വെള്ളം കുടിച്ചു: കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഗ്രാമീണര്‍

മൈസൂരു: ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് വെള്ളം അശുദ്ധമാക്കിയെന്നാരോപിച്ച് കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി. ചാമരാജനഗര്‍ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ വൈറലായതോടെ താലൂക്ക് ഭരണസമിതി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദാംശങ്ങള്‍ ശേഖരിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

വെള്ളിയാഴ്ച ഗ്രാമത്തില്‍ നടന്ന ദലിതരുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. എച്ച്ഡി കോട് താലൂക്കിലെ സര്‍ഗൂരില്‍ നിന്നുള്ള വധുവിന്റെ ബന്ധുക്കള്‍ ചടങ്ങിനായി ഗ്രാമത്തില്‍ എത്തിയിരുന്നു. വിവാഹസദ്യക്ക് ശേഷം ഇവര്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനിടെയില്‍ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ ലിംഗായത്ത് ബീഡിയിലെ ടാങ്കില്‍ നിന്നും വെള്ളം കുടിച്ചു.

ഇതു കണ്ട ഗ്രാമവാസികളിലൊരാള്‍ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ടാങ്കിലെ വെള്ളം അശുദ്ധമാക്കിയതിന് സ്ത്രീയെ ശകാരിക്കുകയും ചെയ്തു. സ്ത്രീയും കൂടെയുണ്ടായിരുന്നവരും അവിടെ നിന്നും പോയപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ തുറന്നുവിട്ട് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കുകയായിരുന്നു.

Read Also: ‘രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്ക് സ്ഥിരനിയമനം, 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം’: മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവര്‍ണര്‍

വില്ലേജ് അക്കൗണ്ടന്റും റവന്യൂ ഇന്‍സ്പെക്ടറും ശനിയാഴ്ച ഗ്രാമത്തിലെത്തി പട്ടികജാതി യുവാക്കളുടെ പരാതി സ്വീകരിച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ്് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചാമരാജനഗര്‍ തഹസില്‍ദാര്‍ ഐഇ ബസവരാജ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version