വെള്ളത്തിന് അസഹനീയ ദുര്‍ഗന്ധം; വാട്ടര്‍ ടാങ്കില്‍ കണ്ടത് അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, ഞെട്ടി ഫ്‌ളാറ്റിലെ താമസക്കാര്‍

ബംഗളൂരു: വെള്ളത്തിന് അസഹനീയ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോള്‍ കണ്ടത് സ്ത്രീയുടെ മൃതദേഹം. യെലഹങ്ക ന്യൂടൗണിലെ സ്വകാര്യ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഗൗരി നാഗരാജിന്റെ(49) മൃതദേഹമാണ് ഇതേ ഫ്‌ളാറ്റിലെ വാട്ടര്‍ടാങ്കില്‍നിന്ന് കണ്ടെത്തിയത്. ജൂലായ് 24 മുതല്‍ ഗൗരിയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ഫ്‌ളാറ്റിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ചില അന്തേവാസികള്‍ പ്ലംബറോട് വാട്ടര്‍ടാങ്ക് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്ലംബര്‍ ടാങ്ക് തുറന്ന് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗൗരി നാഗരാജ് വാട്ടര്‍ടാങ്കില്‍ ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. ഇവരുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ഇവര്‍ ചില സാമ്പത്തികപ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജയസൂര്യ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം മുഖേന പുരയിടം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഗൗരി ഒട്ടേറേപേരില്‍നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ ഈ സ്ഥാപനം പണം വാങ്ങിയ ശേഷം ഇടപാടുകാര്‍ക്ക് സ്ഥലം നല്‍കിയില്ല. ഇതേതുടര്‍ന്ന് ഉപഭോക്താക്കള്‍ ഗൗരിക്കെതിരേ തിരിഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജയസൂര്യ ഡെവലപ്പേഴ്‌സ് ഉടമകളായ ഗോപി, ഭാര്‍ഗവ, ദേവരാജപ്പ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

Exit mobile version