ആളുകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന ബ്ലാക്ക് മെയിലറാണ് മോഡി; അഞ്ചു വര്‍ഷം ഒന്നും ചെയ്യാതിരുന്നത് തിരിച്ചടിക്കുമെന്ന ഭയം മോഡിക്കുണ്ട്: ചന്ദ്രബാബു നായിഡു

ആളുകളെ കുടുക്കി, ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കുന്ന ബ്ലാക്ക്മെയ്ലറാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

അമരാവതി: ആളുകളെ കുടുക്കി, ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കുന്ന ബ്ലാക്ക്മെയ്ലറാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശിന്റെ വളര്‍ച്ച തടയുകയെന്ന ലക്ഷ്യമിട്ട് മോഡി ആന്ധ്രയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നായിഡു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘മോഡി ഒരു ബ്ലാക്ക്മെയ്ലറാണ്. അദ്ദേഹം ഒരാളെ കേസില്‍ കുടുക്കുകയും അതില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയും ചെയ്യും. പിന്നീട് ആ കേസിന്റെ പേരു പറഞ്ഞ് ആ വ്യക്തിയെ ബ്ലാക്ക്മെയില്‍ ചെയ്യും. അതാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.’ ചന്ദ്രബാബു നായിഡു ആരോപിച്ചു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ പ്രധാനമന്ത്രി മോഡിയ്ക്ക് ഒരു കേസ് കിട്ടിയിട്ടുണ്ടെന്ന് സിബിഐ ഡയറക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇഎസ്‌ഐ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നിന്നും ഊരാന്‍ തെലങ്കാന മുഖ്യമന്ത്രിയെ മോഡി സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി മോഡി ഒന്നും ചെയ്തിട്ടില്ല. അത് തുറന്നുകാട്ടപ്പെടുമെന്ന് പ്രധാനമന്ത്രിക്ക് ഭീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version