പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; വിദ്യാർത്ഥികൾ അധ്യാപകനെ മരത്തിൽകെട്ടിയിട്ട് തല്ലി

ദുംക: ഝാർഖണ്ഡിലെ ഒമ്പതാംക്ലാസിലെ പ്രായോഗികപരീക്ഷയ്ക്ക് മാർക്ക് കുറച്ച് എന്ന് ആരോപിച്ച് അധ്യാപകനെ വിദ്യാർത്ഥികൾ കെട്ടിയിട്ട് തല്ലി. കണക്ക് അധ്യാപകനെയും സ്‌കൂൾ ക്ലാർക്കിനെയുമാണ് കുട്ടികൾ മരത്തിൽക്കെട്ടിയിട്ട് തല്ലിയത്. ഝാർഖണ്ഡിലെ ദുംക ജില്ലയിൽ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

പ്രായോഗിക പരീക്ഷയിൽ അധ്യാപകൻ സുമൻകുമാർ മാർക്ക് കുറച്ചിട്ടതിനാലാണ് തോറ്റതെന്ന് വിദ്യാർഥികൾ ആരോപിച്ചു. മാർക്ക് ജെഎസിയുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തതിനാണ് ക്ലാർക്കിനെ അടിച്ചത്.

പരീക്ഷയെഴുതിയ 32 വിദ്യാർത്ഥികളിൽ 11 പേർക്ക് ഡിഡി ഗ്രേഡാണ് കിട്ടിയത്. തോൽവിക്ക് തുല്യമാണിത്. ഝാർഖണ്ഡ് അക്കാദമിക് കൗൺസിൽ (ജെഎസി) വെബ്‌സൈറ്റിൽ ഈ ഫലം പ്രസിദ്ധീകരിച്ചു. ഇതേത്തുടർന്ന് പ്രകോപിതരായ സുമൻ കുമാർ എന്ന അധ്യാപകനെയും സോനെറാം ചൗരെ എന്ന ക്ലാർക്കിനെയും വിദ്യാർത്ഥികൾ മർദിച്ചത്.

എന്നാൽ, ഇരുവരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ഗോപികന്ദർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ് ഭോക്ത പറഞ്ഞു. കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നുപറഞ്ഞ് സ്‌കൂൾ അധികൃതരും പരാതിനൽകിയിട്ടില്ല.

also read- വഞ്ചിച്ചു, ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കാനും ശ്രമം; നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

200 കുട്ടികളാണ് പട്ടികവർഗ റെസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്നത്. ഇവരിൽ ഭൂരിപക്ഷം പേരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അനന്ത് ഝാ പറഞ്ഞു. സ്‌കൂളിലെ ക്രമസമാധാനം നിലനിർത്തുന്നതിന് ഒമ്പതും പത്തും ക്ലാസുകളിലെ അധ്യയനം രണ്ടുദിവസത്തേക്ക് നിർത്തിവെച്ച് കുട്ടികളെ വീട്ടിലേക്കയച്ചിരിക്കുകയാണ്.

Exit mobile version