ലോകത്തെ മൂന്നാമത്തെ ധനികനായി ഗൗതം അദാനി

മുംബൈ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാന്‍ സ്ഥാപകന്‍ ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് ഗൗതം മൂന്നാം സ്ഥാനത്തെത്തിയത്.

10,97,310 കോടി രൂപ (137.40 ബില്യണ്‍ ഡോളര്‍) ആണ് ഗൗതം അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍ മാത്രമാണ് ഇനി അദാനിക്ക് മുന്നിലുള്ളത്. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണുള്ളത്. 7,33,936 കോടി (91.90 ബില്യണ്‍ ഡോളര്‍) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

ബില്‍ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത് കഴിഞ്ഞ മാസമാണ്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ മറികടന്നിരുന്നു. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ബില്‍ ഗേറ്റ്സിനെ മറികടന്ന് കഴിഞ്ഞ മാസം ലോകത്തിലെ നാലാമത്തെ സമ്പന്നനായ വ്യക്തിയായിരുന്നു.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ കൈമാറിയിരുന്നു. ശതകോടീശ്വരന്മാരുടെ പട്ടികയിലെ വാറന്‍ ബഫറ്റ് ഇതിനകം 35 ബില്യണ്‍ ഡോളറിലധികം ചാരിറ്റിക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദാനി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അദാനിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

അറുപതാം ജന്മദിനത്തോടനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഗൗതം അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍ നിന്ന് ഡാറ്റ സെന്റര്‍, സിമന്റ്, മീഡിയ, ഹരിതോര്‍ജ്ജം എന്നീ മേഖലകളിലേക്ക് കൂടി ഗൗതം അദാനി ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു.

അദാനി പോര്‍ട്ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. 1988 ലാണ് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റര്‍പ്രൈസസ് ആരംഭിക്കുന്നത്. 1994 ല്‍ മുന്ദ്ര പോര്‍ട്ടില്‍ ഹാര്‍ബര്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനിക്ക് അനുമതി ലഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോര്‍ട്ട്.

2009 ലാണ് അദാനി ഊര്‍ജ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 2020 ല്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കി.

Exit mobile version