2021ല്‍ ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ വ്യവസായിയായി ഗൗതം അദാനി: 1,620 കോടി ഡോളറിന്റെ വര്‍ധന

ന്യൂഡല്‍ഹി: ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി മാറി ഗൗതം അദാനി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും മറികടന്നിരിക്കുകയാണ് അദാനി ഗ്രൂപ്പ്.

ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരേക്കാള്‍ കൂടുതല്‍ സമ്പത്ത് അദാനി ഈ വര്‍ഷം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്.

2021ല്‍ 1,620 കോടി ഡോളര്‍ ആണ് ഗൗതം അദാനിയുടെ സമ്പാദ്യം വര്‍ധിച്ചതെന്നും 5,000 കോടി ഡോളറിലേറെയാണ് മൊത്തം ആസ്തിയെന്നുമാണ് ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക വ്യക്തമാക്കുന്നത്.

പെട്രോളിയം റിഫൈനിങ് കമ്പനിയായ ടോട്ടല്‍ എസ്ഇ, യുഎസ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് തുടങ്ങിയ വിദേശ സ്ഥാപനങ്ങള്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേം നടത്തിയിരുന്നു.

അദാനി ടോട്ടല്‍ ഗ്യാസ് ഷെയറുകളുടെ മൂല്യം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അദാനി എന്റര്‍പ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവര്‍, അദാനി പോര്‍ട്‌സ്, സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍സ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികവുമാണ് വര്‍ധിച്ചത്.

Exit mobile version