പൂച്ചെണ്ടും പൊന്നാടയും നല്‍കുന്ന പരിപാടികള്‍ക്ക് ക്ഷണിക്കരുത്; തമിഴ്നാട് ആരോഗ്യമന്ത്രി

ചെന്നൈ: ആദരസൂചകമായി പൂച്ചെണ്ടും പൊന്നാടയും നല്‍കുന്ന സര്‍ക്കാര്‍ പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എംഎ സുബ്രമണ്യന്‍. ജനപ്രതിനിധികളെ ആദരിക്കാനുള്ള തുക എടുക്കുന്നത് പൊതുഫണ്ടില്‍ നിന്നാണ്. ഇത് യോഗ്യമായ പ്രവൃത്തിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. സംസ്ഥാനത്തെ 36 മെഡിക്കല്‍ കോളേജുകളും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയില്‍ നടന്ന ദേശീയ പ്ലാസ്റ്റിക് വിജ്ഞാന ചികിത്സാ ദിനത്തോടനുബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തന്നെ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൂച്ചെണ്ടും ഷാളും നല്‍കിയപ്പോള്‍ മന്ത്രി അത് സ്വീകരിക്കാന്‍ വിസമ്മതിച്ചു. ആശുപത്രിയിലെ ചടങ്ങിനെത്തുക എന്നത് തന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമാണെന്നും പൂച്ചെണ്ടും പൊന്നാടയുമടക്കമുള്ളവ ഉള്ള പരിപാടികളില്‍ താന്‍ സംബന്ധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകനായ എം.എ സുബ്രമണ്യന്‍ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവാണ്. 1976-ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം ചെന്നൈ കോര്‍പറേഷന്‍ മേയര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം, മകളുടെ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന ദമ്പതികള്‍ക്ക് സുബ്രമണ്യന്‍ എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയും ഒരു മാസത്തെ റേഷനും വിട്ടുനല്‍കിയിരുന്നു.

Exit mobile version