നീറ്റ് പരീക്ഷയെ പേടിക്കുന്നവർക്ക് മാതൃകയാക്കാം പ്രിൻസിനെ; എഴുപതുകാരൻ നീറ്റ് പരീക്ഷയ്‌ക്കെത്തി; ഞെട്ടിച്ച് ഈ വയോധികൻ

കോയമ്പത്തൂർ: നീറ്റ് പരീക്ഷാ വിവാദങ്ങളാണ് എങ്ങും. വിദ്യാർത്ഥികളുടെ പരീക്ഷാ പേടിയും പരീക്ഷാ കേന്ദ്രങ്ങളിലെ അമിത സുരക്ഷാക്രമാകരണങ്ങളും വിവാദമായിരിക്കെ പോസിറ്റീവായ സംഭവങ്ങളും നീറ്റ് പരീക്ഷയ്ക്കിടെ സംഭവിച്ചിരിക്കുകയാണ്.

കീം, നീറ്റ് പോലുള്ള എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികൾ പരീക്ഷയെ ഭയക്കുമ്പോഴാണ് ഒരു എഴുപതുകാരൻ നീറ്റ് പരീക്ഷ എഴുതി അമ്പരപ്പിച്ചിരിക്കുന്നത്. വിളാൻകുറിച്ചിക്ക് സമീപം വിനായകപുരത്തെ പ്രിൻസ് മാണിക്കമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് നീറ്റ് പരീക്ഷയ്ക്കെത്തിയത്.

നീറ്റ്-യുജി യോഗ്യതയ്ക്കുള്ള ഉയർന്ന പ്രായപരിധി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) എടുത്തുകളഞ്ഞതോടെയാണ് പ്രിൻസ് തന്റെ ആഗ്രഹത്തിന് വേണ്ടി പരിശ്രമിക്കാൻ തീരുമാനിച്ചത്. ‘ മെഡിസിൻ പഠിക്കുക എന്നത് എന്റെ പഴയ സ്വപ്നമായിരുന്നു. നീറ്റ് എഴുതി ആ അഭിലാഷം നിറവേറ്റാൻ ഞാൻ ആഗ്രഹിച്ചു . എന്റെ എല്ലാ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിന് മുഴുവൻ പിന്തുണയും നൽകി’ അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസത്തോടെ വെല്ലുവിളിയായി ഏറ്റെടുക്കാൻ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാൻ വേണ്ടിയാണ് താൻ പരീക്ഷയെഴുതിയത് എന്നും പ്രിൻസ് പറഞ്ഞു.
മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ ഒരാളുടെ ഭാവി തീരുമാനിക്കില്ലെന്നാണ് പുതുതലമുറയിലെ വിദ്യാർത്ഥികളോട് അദ്ദേഹം പറഞ്ഞത്.

ALSO READ- ഓണത്തിന് വിലക്കയറ്റം ഭയക്കാതെ ആഘോഷിക്കാം; 13 ഇന ഭക്ഷ്യക്കിറ്റുമായി സംസ്ഥാന സർക്കാർ

നല്ല മാർക്ക് കിട്ടിയാൽ മെഡിസിൻ പഠിക്കുമോ എന്ന ചോദ്യത്തിന് ഒന്നു ആലോചിച്ചു നോക്കാമെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ‘യുവാക്കൾ മെഡിസിൻ പഠിച്ച് ഡോക്ടറായാൽ അവർക്ക് കൂടുതൽ കാലം സമൂഹത്തെ സേവിക്കാൻ കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഞായറാഴ്ചത്തെ നീറ്റ് പരീക്ഷ തനിക്ക് കുഴപ്പമില്ലായിരുന്നെന്നും നന്നായി പഠിച്ച വിദ്യാർത്ഥികൾക്ക് മാന്യമായ മാർക്ക് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

1968ൽ പ്രീ യൂണിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കിയ പ്രിൻസ് മാണിക്കം ചില്ലറക്കാരനല്ല. എം.ഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. നിലവിൽ സ്പോക്കൺ ഇംഗ്ലിഷ് അക്കാദമി നടത്തിവരികയാണ്.

പഠനകാലത്ത് ഡോക്ടറാകാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തമിഴ്നാട് കാർഷിക സർവകലാശാലയിൽ ബിഎസ്‌സി അഗ്രികൾച്ചർ കോഴ്സിനാണ് ചേർന്നത്. 21 വർഷം ബാങ്ക് ഓഫ് ബറോഡയിൽ പ്രവർത്തിച്ചു. തുടർന്ന് നഗരത്തിലെ സ്വകാര്യ കോളജിൽ 15 വർഷം എംബിഎ വകുപ്പ് മേധാവിയായി ജോലി ചെയ്തു. ആറു വർഷം മുൻപാണ് ജോലിയിൽ നിന്ന് വിരമിച്ച് സ്‌പോക്കൺ ഇംഗ്ലീഷ് അക്കാദമി ആരംഭിച്ചത്.

Exit mobile version