അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഗ്രീന്‍ ഫ്യുവല്‍സ് മാത്രം; പെട്രോള്‍ തുടച്ചുനീക്കും; നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്നും പെട്രോള്‍ തുടച്ചുനീക്കപ്പെടുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അകോലയില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഹൈഡ്രജന്‍, എഥനോള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രീന്‍ ഫ്യുവല്‍സിന്റെ ഉപയോഗവും വര്‍ധിപ്പിക്കും. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നിന്ന് പെട്രോള്‍ തുടച്ചുനീക്കപ്പെടുമെന്നും വാഹനങ്ങള്‍ സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ തുടങ്ങി ഗ്രീന്‍ ഫ്യുവല്‍സിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു

‘രാജ്യത്ത് വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടും. സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ തുടങ്ങിയ മറ്റ് ഗ്രീന്‍ ഫ്യുവല്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും ഇനി നിരത്തിലിറങ്ങുക,’ നിതിന്‍ ഗഡ്കരി പറഞ്ഞു.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഉത്പാദിപ്പിക്കുന്ന ജൈവ എഥനോള്‍ ആണ് നിലവില്‍ വാഹനങ്ങളില്‍ കൂടുതലായും ഉപയോഗിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന പ്രസ്താവനയുമായി നേരത്തെ ഗഡ്കരി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയുടെ സംഭാവനയില്ലാതെ രാജ്യത്തിന് വളരാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2030ഓടെ മഹാരാഷ്ട്രയെ ഉയര്‍ന്ന സമ്പദ്വ്യവസ്ഥയാക്കുമെന്നും, ഇതിനായി സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ കൊണ്ടുവരുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

അടുത്തിടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ പിന്തുണയോടെ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഏക് നാഥ് ഷിന്‍ഡെയാണ് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി. ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉപമുഖ്യമന്ത്രി.

Exit mobile version