‘പശു ഹിന്ദുക്കള്‍ക്ക് മാതാവ്’: പെരുന്നാളിന് പശുവിനെ അറുക്കരുത്: ആഹ്വാനവുമായി ബദ്റുദ്ദീന്‍ അജ്മല്‍

ഗുവാഹത്തി: ബലിപെരുന്നാളിന് പശുക്കളെ ബലിയര്‍പ്പിക്കരുതെന്ന ആഹ്വാനവുമായി അസമിലെ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എ.ഐ.യു.ഡി.എഫ്) നേതാവും ലോക്സഭാ അംഗവുമായ ബദ്റുദ്ദീന്‍ അജ്മല്‍. പശു ഹിന്ദുക്കള്‍ക്ക് മാതാവിനെപ്പോലെയാണെന്നും ഇതിനാല്‍ ബലിപെരുന്നാളിന് അവയെ അറുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അസമിലെ മുസ്ലിംകളോട് ആവശ്യപ്പെട്ടു.

”വ്യത്യസ്തമായ ഒരുപാട് സമുദായക്കാരുടെയും മതക്കാരുടെയും വിഭാഗക്കാരുടെയുമെല്ലാം നാടാണ് ഇന്ത്യ. പശുവിനെ വിശുദ്ധ ചിഹ്നമായി കണക്കാക്കി ആരാധിക്കുന്ന സനാതന ധര്‍മ്മം പിന്തുടരുന്നവരാണ് ഇന്ത്യയിലെ ഭൂരിപക്ഷവും. പശുവിനെ മാതാവായാണ് ഹിന്ദുക്കള്‍ കാണുന്നത്.”-ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.

ഒരു മൃഗത്തെ കൊല്ലാനും ഇസ്ലാം നിര്‍ദേശിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍, പെരുന്നാളിന് പശുവിനെ അറുക്കരുത്. പശുക്കളെ ബലിയര്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ രണ്ടുവര്‍ഷം മുന്‍പ് ദാറുല്‍ ഉലൂം ദയൂബന്ദും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ബദ്റുദ്ദീന്‍ അജ്മല്‍ ചൂണ്ടിക്കാട്ടി. അസമിലെ മുസ്ലിം പണ്ഡിത സംഘടനയായ ജംഇയ്യത്തുല്‍ ഉലമായും പെരുന്നാളിന് പശുവിനെ അറുക്കരുതെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, ബദ്റുദ്ദീന്‍ അജ്മലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് വിഎച്ച്പി രംഗത്തെത്തി. സ്ഥിരമായി തന്നെ ഗോവധം നിര്‍ത്താന്‍ മുസ്ലിം നേതാക്കള്‍ ആഹ്വാനം ചെയ്യണമെന്ന് വിഎച്ച്പി നേതാവ് വിനോദ് ബന്‍സാല്‍ ആവശ്യപ്പെട്ടു. ജിഹാദ് എന്ന പേരില്‍ നിരപരാധികളെ കൊല്ലുന്നവരെ എഐയുഡിഎഫ് അടക്കമുള്ള കക്ഷികള്‍ അടക്കി നിര്‍ത്തണമെന്നും ബന്‍സാല്‍ ആവശ്യപ്പെട്ടു.

Exit mobile version