സംഘപരിവാര്‍ ജുമുഅ തടസ്സപ്പെടുത്തി: മുസ്‌ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അഞ്ച് ഗുരുദ്വാരകള്‍ നല്‍കി സിഖുകാര്‍

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര്‍ സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്ലിങ്ങള്‍ക്ക് വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കാന്‍ അഞ്ച് ഗുരുദ്വാരകള്‍ വിട്ടു നല്‍കി സിഖുകാര്‍.

സദര്‍ ബസാറിലെ ഗുരുദ്വാര മുസ്ലിം സഹോദരങ്ങള്‍ക്ക് തുറന്ന് നല്‍കിയിട്ടുണ്ടെന്നാണ് ഹേംകുന്ത് ഫൗണ്ടേഷന്റെ പ്രസിഡന്റ് ഹര്‍തീരത് സിംഗ് പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിര്‍വഹിക്കാന്‍ ഹിന്ദു യുവാവ് തന്റെ ഷോപ്പ് വിട്ടു നല്‍കിയിരുന്നു. ഇതിന് ശേഷമാണ് സിഖുകാര്‍ ഗുരുദ്വാര തന്നെ വിട്ടുനല്‍കിയത്. ഒരേ സമയം 2000 മുതല്‍ 2500 വരേ ആളുകളെ ഉള്‍ക്കൊള്ളുന്ന ഗുരുദ്വാരയാണ് മുസ് ലിങ്ങള്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിട്ടുനല്‍കിയത്.

സോന ചൗക്ക് ഗുരുദ്വാരയും മുസ്ലിങ്ങള്‍ക്ക് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്. ഗുഡ്ഗാവില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ നിശബ്ദരായ കാണികളായിരിക്കില്ലെന്ന് സോനാ ചൗക്ക് ഗുരുദ്വാരയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സിന്ധു പറഞ്ഞത്. 1934 ല്‍ നിര്‍മ്മിച്ച സോന ചൗക്ക് ഗുരുദ്വാരയാണ് ഏറ്റവും പഴയ സിഖ് ആരാധനാലയമെന്നാണ് കരുതപ്പെടുന്നത്.

ഗുഡ്ഗാവിലെ നാട്ടുകാരും മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ സ്ഥലം ഒരുക്കിക്കൊടുത്ത് രംഗത്തുവന്നിട്ടുണ്ട്. അധികൃതര്‍ അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ജുമുഅ നടത്തുന്നതിനെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വിലക്കിയതോടെയാണ് മുസ്ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന തടസപ്പെട്ടത്. നിസ്‌കാരത്തിനുള്ള ഇടങ്ങളില്‍ ചാണകം നിരത്തിയും ഗോവര്‍ധന പൂജയും നടത്തിയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജുമുഅ തടസപ്പെടുത്തിയിരുന്നു.

ഇവര്‍ നിസ്‌കരിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട് പണിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

Exit mobile version