മുസ്ലീംങ്ങളുടെ വോട്ടവകാശം എടുത്തുകളയണം: തുടരണമെങ്കില്‍ രണ്ടാം പൗരന്മാരായി തുടരാം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: മുസ്ലീം പൗരന്മാരുടെ വോട്ടവകാശം സര്‍ക്കാര്‍ എടുത്തുകളയണമെന്ന് ബീഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ. ഇന്ത്യയില്‍ തുടരണമെങ്കില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ട രണ്ടാം പൗരന്മാരായി തുടരാമെന്നുമാണ് ഹരിശങ്കര്‍ താക്കൂര്‍ എംഎല്‍എയുടെ വിവാദ പ്രസ്താവന.

രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്റെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം.

‘1947 ല്‍ രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും അവര്‍ക്ക് മറ്റൊരിടം ലഭിക്കുകയുമുണ്ടായി. അവര്‍ നിര്‍ബന്ധമായും അങ്ങാട്ടേക്ക് പോകട്ടെ. ഇവിടെ തുടരുകയാണെങ്കില്‍ അവരുടെ വോട്ടവകാശം എടുത്ത് കളയണം. രണ്ടാം പൗരന്മാരായി മുസ്ലീമിന് ഇവിടെ ജീവിക്കാം.’ ഹരിശങ്കര്‍ താക്കൂര്‍ എംഎല്‍എ പറഞ്ഞു.

ഇന്ത്യയെ ഒരു ഇസ്ലാമിക് രാജ്യമാക്കുകയെന്ന ഐഎസ്ഐ അജണ്ട വെച്ചിട്ടാണ് മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നതെന്നും ബിജെപി എംഎല്‍എ പറഞ്ഞു. അതേസമയം ബീഹാറില്‍ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഒരാള്‍ പോലും സഭയില്‍ വന്ദേമാതരം ആലപിക്കില്ലെന്നും എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്‍ പറഞ്ഞിരുന്നു. ബീഹാറില്‍ സഭ തുടങ്ങുമ്പോള്‍ ദേശീയഗാനം ചൊല്ലുന്നതും അവസാനത്തില്‍ വന്ദേമാതരം ആലപിക്കുന്നതും കാലങ്ങളായി തുടരുന്ന രീതിയാണ്.

Exit mobile version