ഒന്നല്ല, രണ്ടല്ല, ഒരായിരം മിന്നാമിനുങ്ങുകള്‍ : മഹാരാഷ്ട്രയില്‍ മിന്നാമിനുങ്ങ് ഉത്സവം

മുംബൈ : അപൂര്‍വ കാഴ്ചയൊന്നുമല്ലെങ്കിലും മിന്നാമിനുങ്ങുകള്‍ എന്നുമൊരത്ഭുതമാണ്. കുട്ടികളും വലിയവരുമുള്‍പ്പടെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന മിന്നാമിനുങ്ങുകള്‍ പ്രകൃതിയുടെ ഫെയറി ലൈറ്റ് ആണെന്നാണ് പറയപ്പെടുന്നത്. മിന്നാമിനുങ്ങുകളെ കാണാനും അവയ്‌ക്കൊപ്പം സമയം ചിലവഴിക്കാനുമൊക്കെയായി മിന്നാമിനുങ്ങ് ഉത്സവം സംഘടിപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒന്നല്ല, രണ്ടല്ല, ഒരായിരം മിന്നാമിനുങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന അപൂര്‍വ കാഴ്ചകളാണ് ഉത്സവത്തിന്റെ ഹൈലൈറ്റ്‌.

മഹാരാഷ്ട്രയുടെ പല സ്ഥലങ്ങളിലും മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ എത്തുന്ന സമയമാണിത്. രാജ്മാച്ചി വില്ലേജ്, സിദ്ധഗഢ് വാഡി, പ്രബല്‍ബാജി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഈ മാസം 26 വരെ ഉത്സവം നീണ്ടു നില്‍ക്കും. ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകളാണ് ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ വിരുന്നെത്തുന്നത്. രാത്രിയില്‍ ഹൈക്കിംഗ്, ക്യാംപിംഗ്, മിന്നാമിനുങ്ങുകളുടെ വെളിച്ചത്തില്‍ നടത്തം എന്നിവ ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആയിരം രൂപ മുതല്‍ 3000 രൂപ വരെയാണ് പാക്കേജ് നിരക്കുകള്‍.

Also read : കടുത്ത വേനലില്‍ ടൈഗ്രിസ് വറ്റി വരണ്ടു : അടിത്തട്ടില്‍ കണ്ടത് 3400 വര്‍ഷം പഴക്കമുള്ള നഗരം

വെളിച്ചത്തിന്റെ തീവ്രത അധികമില്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് മിന്നാമിനുങ്ങുകള്‍ കൂടുതലായി എത്തുന്നത്. ഇവിടെ മലിനീകരണം കുറവാണെന്നതും ഇവയെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. മണ്‍സൂണ്‍ എത്തുന്നതിന് മുമ്പ് ഇവ പ്രജനനത്തിനായി സുരക്ഷിത സ്ഥലങ്ങളില്‍ കൂട്ടത്തോടെ തമ്പടിക്കും. ഈ സമയമാണ് ഉത്സവം. സന്ദര്‍ശകര്‍ മിന്നാമിനുങ്ങുകളെ ശല്യം ചെയ്യാന്‍ പാടില്ലെന്ന് അധികൃതരുടെ കര്‍ശന നിര്‍ദേശമുണ്ട്. വംശനാശ ഭീഷണിയിലാണെന്നതിനാല്‍ ഇവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

Exit mobile version