കടുത്ത വേനലില്‍ ടൈഗ്രിസ് വറ്റി വരണ്ടു : അടിത്തട്ടില്‍ കണ്ടത് 3400 വര്‍ഷം പഴക്കമുള്ള നഗരം

നദികള്‍ വറ്റി വരണ്ടാല്‍ പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളുമൊക്കെയാണ് നമ്മുടെ നാട്ടിലാണെങ്കില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ഇറാഖിലെ ടൈഗ്രിസ് നദി വറ്റി വരണ്ടപ്പോള്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള ഒരു നഗരമാണ്. ഇറാഖിലെ കുര്‍ദിസ്ഥാനിലുണ്ടായിരുന്ന സാഖികു എന്ന നഗരമാണിതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

വെങ്കല യുഗത്തില്‍ ബിസി 1475നും 1275നുമിടയില്‍ വടക്കന്‍ യൂഫ്രട്ടിസ്-ടൈഗ്രിസ് ഭരിച്ചിരുന്ന മിതാനി സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണിത്. ചെളിയും ഇഷ്ടികയും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന നഗരത്തില്‍ ഒരു കൊട്ടാരം, ഗോപുരങ്ങള്‍, ബഹുനിലക്കെട്ടിടങ്ങള്‍ എന്നിവയുണ്ട്. ബഹുനിലക്കെട്ടിടങ്ങള്‍ പലതും നിരവധി വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് കലവറ പോലെയുള്ള എന്തെങ്കിലുമായിരുന്നിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം.

മൊസ്യൂള്‍ റിസര്‍വോയറിന്റെ നിര്‍മാണത്തെ തുടര്‍ന്ന് പ്രദേശം നാല്പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങിപ്പോയിരുന്നു. എന്നാല്‍ പിന്നീട് വരള്‍ച്ചകളുണ്ടായതിനെ തുടര്‍ന്ന് ഓരോ വര്‍ഷവും കൂടുതല്‍ ഭാഗങ്ങള്‍ തെളിഞ്ഞു വന്നു. കഴിഞ്ഞ ഡിസംബറിലെ കടുത്ത വരള്‍ച്ചയാണ് നഗരത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.പ്രദേശം ഇനിയും അപ്രത്യക്ഷമാവും മുമ്പ് നഗരത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനൊരുങ്ങുകയാണ് ജര്‍മന്‍, കുര്‍ദിഷ് ഗവേഷരുടെ സംഘം.

Also read : ‘എല്ലാ പള്ളികളിലും ശിവലിംഗം തേടുന്ന പ്രവണത ശരിയല്ല’ : മോഹന്‍ ഭാഗവത്

1350 ബിസിയിലുണ്ടായ ഭൂകമ്പത്തിലാണ് നഗരം നാമാവശേഷമാകുന്നതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്ന ശില്പങ്ങളിലും മറ്റുമുള്ള കൊത്തുപണികളും എഴുത്തുകളും നഗരത്തിന്റെ കാലഘട്ടത്തെപ്പറ്റിയും മിത്തനി സാമ്രാജ്യത്തെ കുറിച്ചുമൊക്കെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Exit mobile version