ഗജ ചുഴലിക്കാറ്റില്‍ വീട് തകര്‍ന്നു; പുതുക്കിപ്പണിയാന്‍ പതിനായിരം രൂപയ്ക്ക് മാതാപിതാക്കള്‍ സ്വന്തം മകനെ വിറ്റു

തഞ്ചാവൂര്‍: തമിഴ് നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനായി
മാതാപിതാക്കള്‍ സ്വന്തം മകനെ വിറ്റു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് മാതാപിതാക്കള്‍ പന്ത്രണ്ട് വയസ്സുള്ള സ്വന്തം മകനെ പതിനായിരം രൂപയ്ക്ക് വിറ്റത്.

ബി ചന്ദ്രു എന്നയാളാണ് തന്റെ കൃഷിഭൂമിയില്‍ കാലികളെ വളര്‍ത്താനായി കുട്ടിയെ വാങ്ങിയത്. 15 ദിവസമായി അടിമവേല ചെയ്യുകയായിരുന്ന കുട്ടിയെ പോലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.
അടിമവേലയില്‍ നിന്ന് രക്ഷിച്ച കുട്ടിയെ പോലീസ്, നാഗപട്ടണം സബ് കളക്ടര്‍ കിഷോര്‍ കുമാറിന്റെ ഓഫീസില്‍ ഏല്‍പിക്കുകയായിരുന്നു. സബ്കളക്ടര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഗജ ചുഴലിക്കാറ്റില്‍ നഷ്ടപ്പെട്ട വീട് പുതുക്കിപ്പണിയുന്നതിന് പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ വിറ്റ വിവരം കുട്ടി പറയുന്നത്.
തുടര്‍ന്ന്, കുട്ടിയെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഗജ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടില്‍ വരുത്തിയത്. നവംബര്‍ പത്ത് മുതല്‍ ഇരുപത് വരെയാണ് തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് അറുപതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

Exit mobile version