നായയ്‌ക്കൊപ്പം നടക്കാന്‍ സ്‌റ്റേഡിയം ഒഴിപ്പിച്ച സംഭവം : ഐഎഎസ് ദമ്പതികള്‍ക്ക് സ്ഥലം മാറ്റം

ന്യൂഡല്‍ഹി : വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ സ്‌റ്റേഡിയം ഒഴിപ്പിച്ച സംഭവത്തില്‍ ഐഎഎസ് ദമ്പതികള്‍ക്കെതിരെ നടപടി. ദമ്പതികളെ രാജ്യത്തിന്റെ രണ്ട് അതിര്‍ത്തികളിലേക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റി.

സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഇവര്‍ക്ക് വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കാന്‍ ഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തില്‍ നിന്ന് കായികതാരങ്ങളെയും പരിശീലകരെയും ഒഴിപ്പിച്ച നടപടി വാര്‍ത്തയായിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. തുടര്‍ന്നായിരുന്നു നടപടി.

Also read : കുടുംബത്തില്‍ നിരന്തരം അസുഖങ്ങള്‍ : ക്ഷേത്രവിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ്

വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സ്‌റ്റേഡിയത്തില്‍ നിന്ന് ഏഴ് മണിക്കകം എല്ലാവരും പിരിഞ്ഞു പോകണമെന്നായിരുന്നു അധികൃതരുടെ ഉത്തരവ്. നായ്ക്ക് നടക്കാനാണ് സ്റ്റേഡിയം ഒഴിപ്പിക്കുന്നതെന്നാരോപിച്ച് താരങ്ങളും പരിശീലകരും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇതേത്തുടര്‍ന്ന് ഡല്‍ഹി സ്റ്റേഡിയങ്ങളിലെ പരിശീലന സമയം പത്ത് മണി വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നാലെയാണ് ദമ്പതികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തത്.

Exit mobile version