തോല്‍വിക്ക് പിന്നാലെ ഇരട്ടപ്രഹരം; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി വക്താവ് സമ്പിത് പത്ര കുരുക്കില്‍; കേസില്‍ വാറണ്ട്

തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രയ്ക്കെതിരെ വാറണ്ട്.

ഭോപ്പാല്‍: തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രയ്ക്കെതിരെ വാറണ്ട്. മധ്യപ്രദേശ് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

മധ്യപ്രദേശിലെ തോല്‍വിക്ക് പിന്നാലെയാണ് ഇരുട്ടടിയായി സമ്പിത് പാത്രയ്ക്കെതിരെ നടപടി വന്നിരിക്കുന്നത്. കഴിഞ്ഞമാസം സമ്പിത് പാത്രയ്ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അനുമതിയില്ലാതെ റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയെന്ന പരാതിയിലായിരുന്നു നടപടി.

ഭോപ്പാലിലെ എംപി നഗറിലെ ഒരു കൊമേഴ്സ്യല്‍ കെട്ടിടത്തിനു മുമ്പില്‍ സമ്പിത് പാത്ര നടത്തിയ വാര്‍ത്താസമ്മേളനമാണ് കേസിന് ആധാരം. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ പേരില്‍ വാക്കാല്‍ ആക്രമിച്ചിരുന്നു.

ഇതിനു പിന്നാലെ സമ്പിത് വാര്‍ത്താസമ്മേളനം നടത്തിയത് മതിയായ അനുവാദമില്ലാതെയാണെന്നും പൊതുസ്ഥലത്ത് ആണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കുകയായിരുന്നു. ഒരു മണിക്കും മൂന്നുമണിക്കും ഇടയില്‍ വാര്‍ത്താസമ്മേളനം നടത്താനായിരുന്നു സംഘാടകര്‍ക്ക് അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സമ്പിത് പാത്ര വാര്‍ത്താസമ്മേളനം നടത്തിയത്. ഇതാണ് നേതാവിന് പാരയായത്.

Exit mobile version