കസ്റ്റഡി മരണം ആരോപിച്ച് സ്‌റ്റേഷന് തീവെച്ചു : ആസാമില്‍ വീടുകള്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കി നശിപ്പിച്ചു

ഗുവാഹത്തി : ആസാമില്‍ യുവാവിന്റെ കസ്റ്റഡി മരണം ആരോപിച്ച് പോലീസ്‌ സ്‌റ്റേഷന് തീവെച്ചവരുടെ വീടുകള്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കി നശിപ്പിച്ചു. നാഗാവ് ജില്ലയിലെ അഞ്ചോളം വീടുകളാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത സഫിഖുല്‍ എന്ന യുവാവ് മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊതു വഴിയില്‍ വെച്ച് മദ്യപിച്ചെന്ന കുറ്റം ചുമത്തിയാണ് സഫിഖുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ആയിരത്തിലേറെ നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം അക്രമാസക്തരാവുകയും മൂന്ന് പോലീസുകാര്‍ക്ക്‌ സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ പോലീസ് സ്‌റ്റേഷന് ഒരു സംഘം തീവച്ചു. ഇതില്‍ ഏഴോളം പേര്‍ അറസ്റ്റിലായി. ഇതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ എത്തി വീടുകള്‍ നശിപ്പിച്ചത്.

സഫിഖുലിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുമെന്നും പോലീസ് സ്‌റ്റേഷന് തീ വെയ്ക്കുകയല്ല മരണത്തിന് പകരം ചെയ്യേണ്ടതെന്നും ആസാം സ്‌പെഷ്യല്‍ ഡിജിപി ജിപി സിങ് അറിയിച്ചു. യുവാവിനെ സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചിരുന്നുവെന്നും ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞതെന്നുമാണ് പോലീസിന്റെ വാദം.

എന്നാല്‍ പോലീസ് ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ സഫിഖുല്‍ മരിച്ചിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. കസ്റ്റഡിയില്‍ നിന്ന് സഫിഖുലിനെ വിട്ട് നല്‍കാന്‍ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിച്ചു.

Exit mobile version