മധ്യപ്രദേശില്‍ 7 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ കാരണം പ്രണയം നിരസിച്ചതിന്റെ പ്രതികാരം

ഇന്‍ഡോറില്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം 7 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായതല്ലെന്ന് റിപ്പോര്‍ട്ട്. തീപിടുത്തമുണ്ടായ ഫ്‌ളാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് തീപിടുത്തത്തിന് കാരണക്കാരനെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സഞ്ജയ് ദീക്ഷിത് (27) എന്നയാളാണ് പ്രതി. യുവതിയോട് പ്രതികാരം ചെയ്യാന്‍ ഇയാള്‍ അവരുടെ സ്‌കൂട്ടര്‍ കത്തിക്കുകയും ഇതില്‍ നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയുമായിരുന്നു. യുപിയിലെ ജാന്‍സി സ്വദേശിയായ സഞ്ജയ് ജോലി സംബന്ധമായാണ് ഇന്‍ഡോറിലേക്ക് വന്നത്. തീപിടിത്തമുണ്ടായ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇതേ കെട്ടിടത്തിലെ യുവതിയോടാണ് പ്രണയാഭ്യര്‍ഥന നടത്തിയത്.

ഇവര്‍ അഭ്യര്‍ഥന നിരസിക്കുകയും മറ്റൊരു യുവാവുമായി ഇവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തതോടെ ഇതില്‍ പ്രകോപിതനായ സഞ്ജയ് ശനിയാഴ്ച പുലര്‍ച്ചെ സ്‌കൂട്ടര്‍ കത്തിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് കെട്ടിടത്തിലേക്ക് തീ പടര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപെട്ടു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇയാള്‍ സ്‌കൂട്ടര്‍ കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം തീപിടുത്തത്തില്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി മൂന്ന് മണിക്കൂറോളമെടുത്താണ് തീയണച്ചത്.

Exit mobile version