വിവാഹദിനത്തിലും ക്ലാസ്സിന് അവധിയില്ല; വരന്റെ വേഷത്തില്‍ ക്ലാസ്സെടുത്ത് അധ്യാപകന്‍

രാജ്‌കോട്ട്: വിവാഹദിനത്തിലും അവധിയെടുക്കാതെ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത് അധ്യാപകന്‍. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള പ്രിയേ കുമാര്‍ ഗൗരവ് ആണ്
വിവാഹാഘോഷങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത് വൈറലായിരിക്കുന്നത്.

യൂട്യൂബില്‍ സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്ക് പേരുകേട്ട പ്രശസ്ത കോച്ചിംഗ് അധ്യാപകനാണ് അദ്ദേഹം. വിവാഹദിവസമായാലും ക്ലാസുകളൊന്നും മുടക്കേണ്ടതില്ലെന്നായിരുന്നു കുമാറിന്റെ തീരുമാനം.

തിങ്കളാഴ്ച്ചയായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാനൊരുങ്ങിയത്. അന്നേ ദിവസം അധ്യാപകരെ അഭിനന്ദിക്കുന്നതിനുള്ള വാരാചരണത്തിന്റെ തുടക്കവുമായിരുന്നു. എല്ലാ വര്‍ഷവും മെയ് 2 മുതല്‍ മെയ് 6 വരെയാണ് അധ്യാപക അഭിനന്ദന വാരം ആഘോഷിക്കുന്നത്.

എന്നാല്‍ വിവാഹവസ്ത്രം ധരിച്ച് കുമാര്‍ ക്ലാസിലെത്തിയത് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല, അന്നേ ദിവസത്തെ മറ്റ് വിവാഹ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി അദ്ദേഹം അടുത്ത ദിവസത്തെ ക്ലാസുകളുടെ തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു.

ഏകദേശം അഞ്ച് മാസം മുമ്പ് അദ്ദേഹം വിവാഹ തീയതി അറിയിച്ചിരുന്നു. സാധാരണയായി വിവാഹത്തിന് 4-5 ദിവസത്തെ അവധിയാണ് അനുവദിക്കാറുള്ളത്. എന്നാല്‍ ഒരു ക്ലാസും മുടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാഹദിനത്തിലും ക്ലാസുകള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു”, കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധികാരികളിലൊരാളായ നിര്‍മ്മല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

വിവാഹ വസ്ത്രം ധരിച്ച് ക്ലാസെടുക്കുന്ന കുമാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതോടെ, ലോകമെമ്പാടുമുള്ള കുമാറിനെപ്പോലുള്ള നിരവധി അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമുള്ള ഒരു പുതിയ രീതിയ്ക്കാണ് മഹാമാരി സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഈ സമയത്ത് വെര്‍ച്വല്‍, ഹൈബ്രിഡ് പഠന രീതികളിലെല്ലാം അധ്യാപകര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Exit mobile version