അപകടം അച്ഛനെ തളര്‍ത്തി, പ്രാരാബ്ധം ഏറ്റെടുത്ത് അച്ഛന്‍ ഓടിച്ചിരുന്ന ബസ് ഓടിക്കാന്‍ തുടങ്ങി; ഇന്ന് ബസ്സുടമയായി 19കാരി

കൊല്‍ക്കത്ത: കുടുംബത്തിന്റെ പ്രാരാബ്ധം ഏറ്റെടുത്ത് അച്ഛനെ സഹായിക്കാന്‍ ബസ് ഓടിക്കാന്‍ തുടങ്ങിയ പത്തൊമ്പതുകാരി ഇപ്പോള്‍ ബസ്സുടമ. കൊല്‍ക്കത്ത സ്വദേശിനിയായ കല്‍പന മണ്ടോള്‍ എന്ന കൗമാരക്കാരിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

2014ല്‍ കല്‍പനയുടെ പിതാവ് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയും അദ്ദേഹത്തിന്റെ കാലുകള്‍ക്ക് പരിക്ക് ഏറ്റതോടെ കുടുംബം പ്രതിസന്ധിയിലായി. എന്നാല്‍ തളരാതെ മുന്നോട്ട് പോകാനായിരുന്നു കല്‍പനയുടെ തീരുമാനം. തന്നെ ആശ്രയിക്കുന്ന കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ഛന്‍ ഓടിച്ചിരുന്ന ബസിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കല്‍പന എത്തുന്നത്. പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടു പോയ ഈ പത്തൊമ്പതുകാരി ഇപ്പോള്‍ താന്‍ ഓടിക്കുന്ന വാഹനത്തിന്റെ ഉടമ കൂടിയായിരിക്കുകയാണ്.

നോര്‍ത്ത് 24 പര്‍ഗാനാസിലെ നൗപറയ്ക്കും എസ്പ്ലനേഡിനും ഇടയില്‍ റൂട്ട് 34സിയില്‍ ഓടുന്ന ഈ ബസ് കല്‍പനയുടെ കുടുംബം 4,40,000 രൂപയ്ക്കാണ് വാങ്ങിയത്. ബസിന്റെ ഉടമയ്ക്ക് മാസം തോറും തവണകളായി പണമടച്ചു വരികയായിരുന്നു. ഇതിനകം രണ്ട് ലക്ഷം രൂപയോളം അടച്ചെങ്കിലും ബാക്കി തുക കുടിശ്ശികയായി.

എന്നാല്‍, ഇപ്പോള്‍ കല്‍പനയെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് എല്‍ഐസി ഉദ്യോഗസ്ഥരുടെ ഒരു സംഘടനയായ ഇന്‍ഷൂറന്‍സ് കെയര്‍ ഇവരുടെ സഹായത്തിന് എത്തിയിരിക്കുകയാണ്. ബസ് വിലയുടെ ബാക്കി തുക ഇന്‍ഷൂറന്‍സ് കെയര്‍ നല്‍കിയതോടെ ബസ് കല്‍പനയ്ക്ക് സ്വന്തമായിരിക്കുകയാണ്.

അപകടത്തില്‍പെടുന്നത് വരെ അച്ഛന്‍ ഓടിച്ചിരുന്ന ചരക്ക് വാഹനമാണ് കല്‍പന ഓടിക്കാന്‍ തുടങ്ങിയത്. പിന്നീട് അച്ഛന്‍ ഓടിച്ച ബസും അവള്‍ ഓടിക്കാന്‍ തുടങ്ങി. മുന്‍ ഉടമയില്‍ നിന്ന് ബസ് ഏറ്റെടുത്തത് മുതല്‍, കല്‍പനയാണ് ബസ് ഓടിച്ചിരുന്നത്. അച്ഛന്‍ കണ്ടക്ടറായും അമ്മ സഹായി ആയും യാത്രകളില്‍ കല്‍പ്പനയ്‌ക്കൊപ്പമുണ്ട്. രണ്ടാം വീടായി മാറിയ ബസിലാണ് കുടുംബം ദിവസം മുഴുവന്‍ ചെലവഴിക്കുന്നത്.

Read Also: ‘രണ്ട് ലക്ഷം രൂപയും ഹോട്ടല്‍ മുറിയും ഭക്ഷണവും’: വീഡിയോ ചെയ്യാന്‍ വേണ്ടത്, വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പില്‍

2015ല്‍ കല്‍പ്പനയുടെ അച്ഛന്‍ സുഭാഷ് മൊണ്ടോള്‍ ചരക്ക് വാഹനം ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഠിനമായ പോരാട്ടത്തിലായിരുന്നു കുടുംബം. കാലിന് പരിക്കേറ്റതോടെ അദ്ദേഹം കിടപ്പിലായി, കുടുംബത്തിന് വരുമാനമില്ലാതായി. വിധിയുടെ പെട്ടെന്നുള്ള വഴിത്തിരിവില്‍ തളരാതെ, കല്‍പ്പന ഡ്രൈവിങ് പഠിക്കാന്‍ തുടങ്ങി, 13 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓടിച്ച വാഹനവുമായി റോഡിലിറങ്ങി. അവള്‍ പലപ്പോഴും പോലീസിന്റെ പിടിയിലാകുകയും ഞങ്ങള്‍ക്ക് പിഴ അടയ്ക്കേണ്ടി വരികയും ചെയ്തു.

‘എട്ടാമത്തെ വയസ്സു മുതല്‍ അവള്‍ ഡ്രൈവിങ് പഠിച്ചു, 10 വയസ്സായപ്പോള്‍ അവള്‍ ഡ്രൈവിങില്‍ വിദഗ്ധയായി. ഭര്‍ത്താവിന്റെ അപകടത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഞങ്ങള്‍ ചരക്ക് വാഹനം ഓടിക്കാന്‍ അവളെ അനുവദിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് കുറച്ച് പണം സമ്പാദിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമായിരുന്നു ഇത്. കഷ്ടിച്ച് കൗമാരത്തിലേക്ക് കടന്നപ്പോഴേക്കും കല്‍പ്പന കുടുംബത്തിന് വരുമാനം കണ്ടെത്തി നല്‍കി.

കഴിഞ്ഞ വര്‍ഷം കല്‍പനയ്ക്ക് ലൈസന്‍സ് ലഭിച്ചു. എന്നാല്‍, ബസ്സുടമ വാഹനം ഓടിക്കുന്നത് നിര്‍ത്തിയതോടെ കുടുംബത്തിന് വീണ്ടും വരുമാനമില്ലാതെ ആയി. അങ്ങനെയാണ് ഉടമയില്‍ നിന്ന് ബസ് വാങ്ങി ഓടിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

‘ധര്‍മ്മതോല ബസ് സ്റ്റാന്‍ഡില്‍ നിന്ന് കല്‍പനയുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും നോപാറ ബസ് സ്റ്റാന്‍ഡില്‍ എത്തി 2,40,000 രൂപ കൈമാറുകയും ചെയ്തു. ഇപ്പോള്‍, കല്‍പ്പന ബസിന്റെ ഉടമയാണ്,” ഇന്‍ഷൂറന്‍സ് കെയര്‍ സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യക്ക് കല്‍പനയെപ്പോലെ ഒരു പെണ്‍കുട്ടിയെ ആവശ്യമാണെന്ന് വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ”സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് കല്‍പ്പന സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ്. ഈ പെണ്‍കുട്ടിയുടെ ധീരതയില്‍ നിന്നും പോരാട്ടത്തില്‍ നിന്നും നമ്മുടെ ഭാവി തലമുറയ്ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കല്‍പ്പന മികച്ച പ്രകടനമാണ് നടത്തിയത്. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ദൃഢനിശ്ചയം അവള്‍ക്കുണ്ട്,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version