ബസ് ഡ്രൈവര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവം; മരണകാരണം മര്‍ദനമെന്ന് പരാതി, കൂടുതല്‍ അന്വേഷണം വേണമെന്ന് കുടുംബം

മരണകാരണം ഒരുസംഘം ആളുകളുടെ മര്‍ദനമാണെന്നാണ് കുടുംബത്തിന്റെ പരാതി.

ചമ്പാട്: ബസ് ഡ്രൈവര്‍ കെ.ജിജിത്ത് (45) പുന്നോല്‍ പെട്ടിപ്പാലത്തിനടുത്ത് തീവണ്ടി തട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്ത്. മരണകാരണം ഒരുസംഘം ആളുകളുടെ മര്‍ദനമാണെന്നാണ് കുടുംബത്തിന്റെ പരാതി.

ജിജിത്തിന്റെ അമ്മാവന്റെ മകന്‍ ശിവപുരം അയ്യല്ലൂരിലെ ചൂളയാടന്‍ വീട്ടില്‍ കെ.ജീജിത്താണ് തലശ്ശേരി സബ് ഡിവിഷന്‍ പോലീസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. മരണത്തില്‍ സംശയമുണ്ടെന്നും മര്‍ദനമേറ്റതാണ് മരണകാരമെന്ന് സംശയിക്കുന്നതായും കാണിച്ച് എന്‍.പി.മുകുന്ദന്‍ മുതല്‍ 12 പേര്‍ ഒപ്പിട്ട് മനേക്കര നിവാസികളും പോലീസില്‍ പരാതി നല്‍കി.

തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവികമരണത്തിന് ന്യൂമാഹി പോലീസ് കേസെടുത്തു. പുന്നോല്‍ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15-ഓടെ വടകരയില്‍നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ശ്രീഭഗവതി ബസിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ടക്ടര്‍ ബിജീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ടു തല്ലി.

മര്‍ദനത്തില്‍ രക്ഷപ്പെടാന്‍ റെയില്‍പ്പാളം മുറിച്ചുകടക്കുമ്പോഴാണ് ജിജിത്ത് തീവണ്ടിതട്ടി മരിച്ചത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദനമേറ്റ കണ്ടക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version