ആരും പട്ടിണി കിടക്കരുത്! ക്ഷേത്രമുറ്റത്ത് ഭിക്ഷാടനം, കിട്ടിയ പണം അതേ ക്ഷേത്രത്തിലെ അന്നദാനത്തിന് നല്‍കി എണ്‍പതുകാരി

ഉഡുപ്പി: ക്ഷേത്രമുറ്റത്ത് ഭിക്ഷാടനം നടത്തി കിട്ടിയ പണം അതേ ക്ഷേത്രത്തിലെ അന്നദാനത്തിന് സംഭാവന ചെയ്ത് എണ്‍പതുകാരി. ഉഡുപ്പി സ്വദേശിനിയായ അശ്വതമ്മയാണ് ഉഡുപ്പി രാജരാജേശ്വരി ക്ഷേത്രത്തിലെ അന്നദാനത്തിന് തുക നല്‍കിയത്.

ഉത്സവ സമയത്ത് ഒരു മാസം കൊണ്ട് ഭിക്ഷ യാചിച്ച് അശ്വതമ്മ ഒരു ലക്ഷം രൂപ സമാഹരിച്ചു. ആ പണം അതേ ക്ഷേത്രത്തിലേക്ക് അന്നദാനം നടത്തുന്നതിനായി ക്ഷേത്രം ട്രസ്റ്റികളെ ഏല്‍പ്പിക്കുകയായിരുന്നു അശ്വതമ്മ.

ഉഡുപ്പി ജില്ലയിലെ കഞ്ചഗോഡു ഗ്രാമത്തില്‍ നിന്നുള്ള അശ്വതമ്മയുടെ ഭര്‍ത്താവ് 18 വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിവിധ ക്ഷേത്രങ്ങളില്‍ ഭിക്ഷാടനം നടത്തിയാണ് അശ്വതമ്മ ജീവിച്ചിരുന്നത്.

ഭിക്ഷ യാചിച്ച് കിട്ടുന്നതില്‍ വളരെ ചെറിയ പങ്ക് മാത്രമാണ് ഈ എണ്‍പതുകാരി തന്റെ ചെലവുകള്‍ക്കായി ഉപയോഗിച്ചിരുന്നത്. തനിക്ക് സമൂഹത്തില്‍ നിന്നുമാണ് പണം ലഭിക്കുന്നതെന്നും ആ പണം തിരികെ ജനങ്ങള്‍ക്ക് തന്നെ നല്‍കുകയാണ് താന്‍ ചെയ്തതെന്നും ആരും പട്ടിണി കിടക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നും അശ്വതമ്മ പറയുന്നു.

Exit mobile version