പഞ്ചാബിലെ എംഎല്‍എമാര്‍ക്ക് ഒറ്റ പെന്‍ഷന്‍: അഞ്ച് ലക്ഷം വരെയുള്ള പെന്‍ഷന്‍ കുറച്ചു, ഇനി 75,000 രൂപ മാത്രം

ചണ്ഡീഗഡ്: സംസ്ഥാനത്തെ മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ച് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍. മുന്‍ എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ ഒരു ടേം പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.

മതിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. എംഎല്‍എമാരുടെ കുടുംബ പെന്‍ഷനും ഇതോടെ നിര്‍ത്തലാക്കും. ഒരു എംഎല്‍എയ്ക്ക് ഒറ്റ പെന്‍ഷന്‍ എന്ന ആവശ്യം കഴിഞ്ഞ നിയമസഭയിലും പ്രതിപക്ഷത്തുണ്ടായിരുന്ന ആംആദ്മി പാര്‍ട്ടി ഉന്നയിച്ചിരുന്നു.

കൂടാതെ എംഎല്‍എമാരുടെ കുടുംബ അലവന്‍സുകള്‍ കുറയ്ക്കുമെന്നും ഭഗവന്ത് മന്‍ പ്രഖ്യാപിച്ചു. ഇതുവഴി ലാഭിക്കുന്ന പണം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഇതുവരെ പഞ്ചാബിലെ മുന്‍ എംഎല്‍എമാര്‍ തങ്ങളുടെ ഓരോ ടേമിനും വെവ്വേറെ പെന്‍ഷന്‍ നേടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ പഞ്ചാബില്‍ രണ്ടുതവണയോ അഞ്ച് തവണയോ 10 തവണയോ എംഎല്‍എയായി ജയിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് ഇനി ഒരു തവണ മാത്രമേ പെന്‍ഷന്‍ ലഭിക്കൂ’ ഭഗവന്ത് മാന്‍ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്പോഴും ‘ഒരു എംഎല്‍എ, ഒരു പെന്‍ഷന്‍’ എന്ന ആവശ്യം എഎപി ഉയര്‍ത്തിയിരുന്നു.

പഞ്ചാബിലെ ഒരു മുന്‍ എംഎല്‍എയുടെ ആദ്യ ടേം പെന്‍ഷന്‍ പ്രതിമാസം 75,150 രൂപയാണ്, തുടര്‍ന്നുള്ള ഓരോ ടേമിനും അയാള്‍ക്ക് 50,100 രൂപ പെന്‍ഷന് അര്‍ഹതയുണ്ട്. പിന്നീട് അവരുടെ പെന്‍ഷന്‍ ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ 5% ല്‍ നിന്ന് 10% ആയി ഉയര്‍ത്തുകയും ചെയ്തു. ഇത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും സഭയില്‍ വരിക പോലും ചെയ്യുന്നില്ല. ഓരോ മാസവും 3.50 ലക്ഷം മുതല്‍ 5.25 ലക്ഷം വരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. ഇത് സംസ്ഥാന ഖജനാവിന് വലിയ ബാധ്യതയാണ്. പാര്‍ലമെന്റ് അംഗങ്ങളായവരും അക്കൂട്ടത്തിലുണ്ട്. ആ വകയിലും അവര്‍ പെന്‍ഷന്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ കാബിനറ്റ് മന്ത്രിയുമായ പര്‍ഗത് സിംഗ് എഎപി സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് എത്തി. ‘ഭഗവന്ത്മാന്‍ സര്‍ക്കാരിന്റെ ‘ഒരു എംഎല്‍എ-ഒരു പെന്‍ഷന്‍’ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് പഞ്ചാബിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കും. പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കും”. പര്‍ഗത് സിംഗ് ട്വീറ്റ് ചെയ്തു.

ശിരോമണി അകാലിദള്‍ വക്താവും മുന്‍ കാബിനറ്റ് മന്ത്രിയുമായ ദല്‍ജീത് സിംഗ് ചീമയും അനുകൂലിച്ച് രംഗത്തെത്തി. ‘ഞാന്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഒറ്റത്തവണ പെന്‍ഷന്‍ ന്യായമാണ്. എന്നാല്‍ നീക്കം സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കുമെന്ന എഎപി സര്‍ക്കാരിന്റെ വിചാരം പ്രാവര്‍ത്തികമാകില്ല. കൂടാതെ, 2015-ല്‍ ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ എംഎല്‍എമാരുടെ പ്രതിമാസ ശമ്പളവും അലവന്‍സുകളും 2.10 ലക്ഷം രൂപയാക്കി അനുവദിച്ച ബില്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കിയിരുന്നു എന്നത് മറക്കരുത്, ദല്‍ജീത് സിംഗ് ചീമ പറഞ്ഞു.

Exit mobile version