ഹൈദരാബാദിലെ ആക്രി ഗോഡൗണില്‍ തീപിടുത്തം : 11 അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ് : ഹൈദരാബാദില്‍ ആക്രി ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ 11 അതിഥിത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഭോയ്ഗുഡയിലെ ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു തീപിടുത്തം. മരിച്ചവരെല്ലാം ബീഹാര്‍ സ്വദേശികളാണ്.

സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റെസിഡന്‍ഷ്യല്‍ കോളനിയിലാണ് ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. ഗോഡൗണിന്റെ മുകള്‍ നിലയിലായിരുന്നു തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

മുറിയില്‍ പതിമൂന്ന് തൊഴിലാളികളുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ പതിനൊന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. ഒരു തൊഴിലാളി രക്ഷപെട്ടെങ്കിലും ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. എട്ട് ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ രാവിലെ ഏഴ് മണിയോടെയാണ് തീ അണച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പ്രധാനമന്ത്രി നരേന്ദ്ര മോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version