അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

അഗർത്തല: ആസാമിൽ അഞ്ചുവയസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വടക്കു കിഴക്ക് നിന്നും വീണ്ടും ഞെട്ടിക്കുന്ന വാർത്ത. ത്രിപുരയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒരുകൂട്ടം സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ബലാത്സംഗകേസിൽ പ്രതിയായ 46കാരനെയാണ് പ്രദേശത്തെ ഒരുകൂട്ടം സ്ത്രീകൾ തല്ലിക്കൊന്നത്.

ധലായി ജില്ലയിലെ ഗന്ദാചെറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിൽ അഞ്ചു വയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരുചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയി സമീപത്തെ കാട്ടിലെത്തിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഓടി പോവുകയായിരുന്നു.

ALSO READ- നൂറനാട് വാഹനാപകടം; പ്രഭാത സവാരിക്ക് ഇറങ്ങുന്ന നാൽവർസംഘത്തിൽ ഇനി രാജശേഖരൻ നായർ മാത്രം, ആത്മസുഹൃത്തുക്കളുടെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറം

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാർ ഗന്ദാചെറ-അമർപുർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

അതേസമയം, പ്രതിയെ തെരച്ചിലിൽ കണ്ടെത്തിയ ഒരുകൂട്ടം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാൾ ആശുപത്രിയിൽവച്ചാണ് മരണപ്പെട്ടത്.

Exit mobile version