പുനീത് രാജ്കുമാര്‍ ഇനി ബഹിരാകാശത്തെ സ്റ്റാര്‍: വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന സാറ്റലൈറ്റിന് താരത്തിന്റെ പേര്

ബംഗളൂരു: അകാലത്തില്‍ പൊലിഞ്ഞ നടന്‍ പുനീത് രാജ്കുമാര്‍ ഇനി ഭൂമിയെ ചുറ്റുന്ന ഉപഗ്രഹമാകും. ചരിത്രത്തിലാദ്യമായി കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് നടന്‍ പുനീത് രാജ്കുമാറിന്റെ പേര്
നല്‍കാന്‍ തീരുമാനമായി.

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന 75 കൃത്രിമോപഗ്രഹങ്ങളില്‍ ഒന്നിനാണ് പുനീതിന്റെ പേര് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുമുള്ള നൂറോളം വിദ്യാര്‍ത്ഥികളാണ് ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുന്നത്. വിവിധ മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് പദ്ധതിയുടെ ഭാഗമാവാന്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

‘പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രൊജക്ട്’ എന്നാണ് ഉപഗ്രഹ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സിഎന്‍ അശ്വത് നാരായണനാണ് പദ്ധതിക്ക് പുനീതിന്റെ പേര് പ്രഖ്യാപിച്ചത്.

ബംഗളൂരുവിലെ മല്ലേശ്വരം സര്‍ക്കാര്‍ പിയു കോളേജില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു അശ്വത് ഉപഗ്രഹ ദൗത്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. മല്ലേശ്വരം കോളേജ് പരിസരത്ത് തന്നെയാവും ഉപഗ്രഹ പദ്ധതിയുടെ ഗ്രൗണ്ട് സ്റ്റേഷന്‍ നിര്‍മിക്കുക.

1.90 കോടി രൂപ ചെലവിട്ടാണ് 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിര്‍മിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കര്‍ണാടക ശാസ്ത്ര സാങ്കേതിക വകുപ്പ് ഇന്ത്യന്‍ ടെക്നോളജിക്കല്‍ കോണ്‍ഗ്രസ് അസോസിയേഷനുമായി (ഐടിസിഎ) കരാറിലെത്തിയിട്ടുണ്ട്. ഉപഗ്രഹത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളെ സംബന്ധിച്ച് ഏപ്രില്‍ 22 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

പുനീതിനോടുള്ള ആദരസൂചകമായാണ് വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹ പദ്ധതിക്ക് താരത്തിന്റെ പേര് നല്‍കിയിരിക്കുന്നത്. ഇതാദ്യമായല്ല താരത്തിനോടുള്ള ആദരവ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


നേരത്തെ, കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്ന പുരസ്‌കാരം മരണാനന്തര ബഹുമതിയായി താരത്തിന് സമ്മാനിച്ചിരുന്നു.
കര്‍ണാടക രത്ന പുരസ്‌കാരം ലഭിക്കുന്ന പത്താമത്തെ മാത്രം വ്യക്തിയാണ് പുനീത്. 2009ല്‍ വീരേന്ദ്ര ഹെഗ്ഡെയ്ക്കായിരുന്നു പുരസ്‌കാരം അവസാനമായി സമ്മാനിച്ചത്.

1.90 കോടി രൂപയാണ് പദ്ധതി ചെലവ്. സാധാരണ 60 കിലോഗ്രാം ഉപഗ്രഹം നിര്‍മ്മിയ്ക്കാന്‍ 50-60 കോടി രൂപ ആവശ്യമാണെന്നും വിദ്യാര്‍ഥികളുടെ ഉപഗ്രഹം ഒന്നരകിലോ ആയി ചുരുക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version