‘അപ്പു’ ഇനി ഓര്‍മ : ബെംഗളുരു നഗരം അതീവ സുരക്ഷയില്‍, ബാറുകളും തിയേറ്ററുകളും അടഞ്ഞ് കിടക്കും

ബെംഗളുരു : കന്നഡ പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ പങ്ക് ചേര്‍ന്ന് ബെംഗളുരു നഗരവും. താരത്തിന്റെ മരണത്തെത്തുടര്‍ന്ന് നഗരത്തിലെ സിനിമ തിയേറ്ററുകള്‍ ഞായറാഴ്ച വരെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി മദ്യവില്‍പനയും 31 വരെ നിരോധിച്ചിട്ടുണ്ട്.

പുനീതിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നതും സംസ്‌കാരം നടക്കുന്നതുമായ കണ്ഠീവര സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലും പ്രത്യേക സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സ്‌റ്റേഡിയത്തിന് സമീപത്തെ റോഡുകളിലെ ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്.

മറ്റിടങ്ങളിലും അതീവ ജാഗ്രത പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും നഗരത്തിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും ബെംഗളുരു സിറ്റി പോലീസ് ട്വീറ്റ് ചെയ്തു. ആരാധകരോട് ശാന്തരാകാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അഭ്യര്‍ഥിച്ചു.

കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗരിയിലെയും സമീപപ്രദേശങ്ങളിലെയും കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചു. സദാശിവനഗറിലെ പുനീതിന്റെ വസതിക്ക് സമീപമുള്ള സെയ്ന്റ് ആന്‍ഡ്രൂ കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് സയന്‍സും വെള്ളിയാഴ്ച അടച്ചു.താരത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഇന്നലെ ബെംഗളുരു വിക്രം ആശുപത്രിക്ക് സമീപം തടിച്ചു കൂടിയത്.

Exit mobile version