‘മംഗള്‍യാന്‍’ ദൗത്യം പൂര്‍ത്തിയാക്കി വിടവാങ്ങി: ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നു

ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ കന്നി ദൗത്യമായ ‘മംഗള്‍യാന്‍’ ദൗത്യം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ‘മംഗള്‍യാന്‍’ പേടകത്തിന്റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍ പ്ലാനറ്ററി മിഷനായ ‘മംഗള്‍യാന്‍’ ഒടുവില്‍ എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടവാങ്ങുകയാണ്.

ഇതോടെ ഇനി ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. മംഗള്‍യാനില്‍ ഇന്ധനം അവശേഷിക്കുന്നില്ലെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ‘ ഉപഗ്രഹ ബാറ്ററിയും തീര്‍ന്നു. ഇതുമായുള്ള ബന്ധവും പൂര്‍ണമായും നഷ്ടപ്പെട്ടെന്നും ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ത്തു.

450 കോടി രൂപയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. tamw ( MOM) ബഹിരാകാശ പേടകം അതിന്റെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ 2014 സെപ്റ്റംബര്‍ 24-ന് വിജയകരമായി പ്രവേശിക്കുകയായിരുന്നു.

‘ഇപ്പോള്‍ മംഗള്‍യാന്‍ പേടകത്തില്‍ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നു, ഇതോടെ ഇതുമായുള്ള ബന്ധം പൂര്‍ണ്ണമായി നഷ്ടമായി’ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

എന്നാല്‍ ഐഎസ്ആര്‍ഒ ദൗത്യം പൂര്‍ണ്ണമായും നഷ്ടമായോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാര്‍സ് ഓര്‍ബിറ്റര്‍ ക്രാഫ്റ്റ് ആറ് മാസത്തെ രൂപകല്‍പ്പന ചെയ്ത ദൗത്യമായിരുന്നു, എന്നാല്‍ അത് ഏകദേശം എട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചതായി ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

മോം ( MOM) ഒരു സാങ്കേതിക പ്രദര്‍ശന സംരംഭമായിരുന്നു എന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങള്‍, ഉപരിതല താപനില, അറ്റ്‌മോസ്ഫിയര്‍ എസ്‌കേപ് പ്രൊസസ്സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആകെ 15 കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് ഇത് വഹിച്ചിരുന്നത്.

ഒപ്പം മാര്‍സ് കളര്‍ ക്യാമറ (എംസിസി), തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ (ടിഐഎസ്), മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് (എംഎസ്എം), മാര്‍സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കോമ്പോസിഷന്‍ അനലൈസര്‍ (എംഇഎന്‍സിഎ), ലൈമാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍ (എല്‍എപി) എന്നീ അഞ്ച് ഉപകരണങ്ങളും ഇതില്‍ ഉണ്ടായിരുന്നു.

Exit mobile version