ഹിജാബ് ആഭ്യന്തര വിഷയം : മറ്റ് രാജ്യങ്ങളുടെ ദുരുദ്ദേശപൂര്‍ണമായ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ മറ്റ് രാജ്യങ്ങളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഹിജാബ് ആഭ്യന്തര വിഷയമാണെന്നും മറ്റ് രാജ്യങ്ങളുടെ ദുരുദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ അറിയിച്ചു.

“കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനാ ചട്ടങ്ങളും ജനാധിപത്യ ധര്‍മ്മവും രാഷ്ട്രീയവും അനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ഇന്ത്യയെ അറിയുന്നവര്‍ ഈ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യും.” ബാഗ്ചി പറഞ്ഞു.

ഹിജാബ് വിവാദത്തില്‍ ഇന്നലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (ഐആര്‍എഫ്) യുഎസ് അംബാസഡര്‍ റാഷദ് ഹുസ്സൈന്‍ പ്രതികരണമറിച്ചതിന് പിന്നാലെയാണ് ലോകരാജ്യങ്ങളോടുള്ള മറുപടിയെന്നോണം ഇന്ത്യ പ്രസ്താവനയിറക്കിയത്.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എന്നാല്‍ ആ മതം അനുശാസിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്നും ഹിജാബ് നിരോധനം സ്ത്രീകളെയും കുട്ടികളെയും വീണ്ടും അരികുവത്കരിക്കുമെന്നും അതവരുടെ മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നും ഹുസ്സൈന്‍ അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version