അമ്മപ്പോരാളി! മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിന് മേല്‍ ചാടിവീണ് പുള്ളിപ്പുലി: വടിയെടുത്തോടിച്ച് അമ്മ

ലക്‌നൗ: ആത്മധൈര്യം കൈവിടാതെ മകളെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് അമ്മ. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഖൈരിഘട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗിര്‍ദ ഗ്രാമത്തിലാണ് സംഭവം.

ആറ് വയസുകാരി കാജലിനെയാണ് പുള്ളിപ്പുലിയില്‍ നിന്നും അമ്മ റീന ദേവി രക്ഷപ്പെടുത്തിയത്. വീടിന് പരിസരത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് കാജലിനെ പുലി ആക്രമിച്ചത്. മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ റീനാ ദേവി ഒന്നും നോക്കാതെ ഒരു വടിയെടുത്ത് പുലിയെ തിരിച്ച് ആക്രമിക്കുകയായിരുന്നു. അവസാനം പുള്ളിപ്പുലിക്ക് ഓടിപ്പോകേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ട്.

പുലിയുടെ ആക്രമണത്തില്‍ കാജലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ശിവ്പൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. മുഖത്തും തലയിലുമാണ് പരിക്കേറ്റത്.

ആ സമയം കാജലിന്റെ അമ്മ റീന ദേവി മുറികള്‍ തൂത്തുവാരുകയായിരുന്നു. പെട്ടെന്ന് വീടിനടുത്തേക്ക് ചാടിയ പുലി പെണ്‍കുട്ടിയെ ആക്രമിക്കുകയും പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ബഹ്‌റൈച്ച് ഫോറസ്റ്റ് ഡിവിഷനിലെ നാന്‍പാറ റേഞ്ചില്‍ നിന്നാണ് പുലി എത്തിയത് എന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ചറിഞ്ഞ് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വന്യജീവി റേഞ്ചര്‍ റഷീദ് ജമീലും സ്ഥലത്തെത്തി.

Exit mobile version