ഇത് അജയ്ഗിരി മോഡല്‍! 15ാം വയസ്സില്‍ തുടങ്ങിയ പാമ്പുപിടിത്തം, പിടിച്ചത് 600ല്‍ അധികം രാജവെമ്പാലകളെ, ഒരിക്കല്‍പോലും കടി ഏറ്റിട്ടില്ല

കൊച്ചി: പാമ്പുകളുടെ തോഴനാണ് വാവാ സുരേഷ്. പാമ്പുപിടിത്തത്തിനിടെ പലതവണ സുരേഷിന് കടിയേറ്റിറ്റുണ്ട്. എന്നാലും സുരേഷ് പിന്മാറില്ല. ആത്മവിശ്വാസം കരുത്താക്കി, ജനങ്ങളുടെ ഭീതി അകറ്റുകയാണ് വാവ സുരേഷ്. പാമ്പുകളെ വളരെ അടുത്തറിഞ്ഞിട്ടുള്ളയാളാണ സുരേഷ്, കേരളം നടുങ്ങിയ ഉത്രക്കൊലക്കേസ് തെളിയാന്‍ കാരണമായതും വാവ സുരേഷിന്റെ നിര്‍ണായക വെളിപ്പെടുത്തലുകളായിരുന്നു.

പാമ്പിനെ പിടിക്കണമെന്ന് പറഞ്ഞാല്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ അവിടെ സുരേഷ് എത്തിയിരിക്കും. പാമ്പുകളെ അതിഥി എന്ന് മാത്രമേ സുരേഷ് വിളിയ്ക്കാറുള്ളൂ. ശാസ്ത്രീയ രീതികളിലൂടെ അല്ല വാവ സുരേഷിന്റെ പാമ്പ് പിടിത്തം, അത് ഏറെ വിമര്‍ശകരെയും ഉണ്ടാക്കിയിട്ടുണ്ട്.

35 വര്‍ഷമായി, സ്വന്തം വാഹനത്തില്‍, എല്ലാ ചെലവും സ്വയം വഹിച്ച്, സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ഓടിയെത്തുന്ന ശ്രീകാര്യം സ്വദേശി സുരേഷ് മലയാളികളുടെ പ്രിയങ്കരനായി മാറിയത് വെറുതെയല്ല. പെട്രോള്‍ കാശ് പോലും കിട്ടാതെ, കൊടുത്താലും വാങ്ങാന്‍ നില്‍ക്കാതെ, ഒരു ചെറുചിരി സമ്മാനിച്ച് വാവ പാമ്പിനെയും ചാക്കിലാക്കി മടങ്ങാറാണ് പതിവ്.

അതേസമയം, കര്‍ണാടകയിലെ ആഗുംബെ റയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സെന്ററിലെ ഫീല്‍ഡ് ഡയറക്ടര്‍ അജയ്ഗിരിയുടെ പാമ്പ് പിടിത്തം വൈറലായിരിക്കുകയാണ്. അജയ്ഗിരി പത്തുവര്‍ഷത്തിലേറെയായി പാമ്പുകളെ പിടികൂടി രക്ഷിക്കുന്നു. ഏകദേശം 600ല്‍ അധികം രാജവെമ്പാലകളെ അജയ്ഗിരി പിടികൂടി രക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, ഇതുവരെ ഒരു പാമ്പിന്റെ കടി പോലും ഏറ്റിട്ടുമില്ല.

സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എല്ലാം സ്വീകരിച്ച് കൊണ്ടാണ് അജയ്ഗിരിയുടെ പാമ്പുപിടിത്തം. വളരെ പ്രൊഫഷണലായി. പാമ്പിനെ പിടിച്ചാലും, അത് നാട്ടുകാരെ കാട്ടാനോ, ഫോട്ടോ ഷൂട്ടിനോ തയ്യാറാകില്ല.

Read Also: ‘എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം! വാവ സുരേഷ് ഒന്നുകില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ പഠിക്കണം, അല്ലെങ്കില്‍ നിര്‍ത്തണം’: രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍

കര്‍ണാടക കേന്ദ്രമായുള്ള ആഗുംബെ റെയില്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനിലെ ഗവേഷകന്‍ കൂടിയാണ് അജയ്ഗിരി. പശ്ചിമഘട്ടത്തിലെ രാജവെമ്പാലകളെ കുറിച്ച് മാത്രമല്ല, നാനാ ജീവജാലങ്ങളെ കുറിച്ചും ഗവേഷണം നടത്തുന്ന സ്ഥാപനം. രാജവെമ്പാലകളെ രക്ഷിക്കുന്നതിനും, ആവാസ വ്യവസ്ഥയില്‍ അവയുടെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും, ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് അജയ്.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ അകോല സ്വദേശിയാണ് അജയ്ഗിരി. 15 ാം വയസ്സില്‍ തന്നെ, പാമ്പുകളിലും, പക്ഷികളിലും എല്ലാം താത്പര്യം. കൊമേഴ്സിലാണ് ബിരുദമെങ്കിലും, വന്യജീവി മേഖലയോട് അതീവ താല്‍പര്യമായിരുന്നു അജയ് ഗിരിക്ക്. എആര്‍ആര്‍എസില്‍ ചേര്‍ന്ന ശേഷം നാഗാലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്തു.

ആഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനിലെ ആദ്യ പരിപാടി രാജവെമ്പാലകളിലെ റേഡിയോ ടെലിമെട്രി പദ്ധതിയായിരുന്നു. രാജവെമ്പാലകളുടെ ശരീരത്തിനുള്ളില്‍ ചെറിയ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച് അവയുടെ ജീവിതം പഠിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ നാല് രാജവെമ്പാലകളില്‍ ചിപ്പ് ഘടിപ്പിച്ചു. ഓരോ ദിവസവും അവ ഉറങ്ങും വരെ നിരീക്ഷണം. ഒരിക്കല്‍ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച ഒരു പെണ്‍ രാജവെമ്പാലയെ ഒരു ആണ്‍ രാജവെമ്പാല അകത്താക്കിയത് അജയ്ഗിരി ഓര്‍ക്കുന്നു. അവയുടെ വന്യസ്വഭാവം പുറത്തു വന്ന സംഭവം. ഈ പദ്ധതി ഇപ്പോള്‍ രണ്ടാം ഘട്ടത്തിലാണ്.

നിലവില്‍ എആര്‍ആര്‍എസില്‍ ഫീല്‍ഡ് ഡയറക്ടറാണ് അജയ്. ആഗുംബെയിലെ മഴക്കാട് പ്രദേശത്ത് ധാരാളം കൃഷിഭൂമിയും, വീടുകളും ഉണ്ട്. പലപ്പോഴും, മനുഷ്യരും രാജവെമ്പാലയും തമ്മില്‍ സംഘര്‍ഷമുണ്ടാകാറും ഉണ്ട്. വീടുകളിലോ, കൃഷിഭൂമിയിലോ രാജവെമ്പാലയെ കണ്ടാല്‍, നാട്ടുകാര്‍ വനംവകുപ്പില്‍ വിളിക്കും. അവര്‍ റെയിന്‍ ഫോറസ്റ്റ് സ്റ്റേഷനിലും വിളിക്കും. ഉടന്‍ അവിടെ ഓടിയെത്തും. വീടിന്റെ സീലിങ്ങിലോ, അടുക്കളയിലോ, കുളിമുറിയിലോ ഒക്കെ കണ്ടാല്‍ മാത്രമേ രാജവെമ്പാലയെ രക്ഷിക്കാന്‍ മുതിരുകയുള്ളു.

വീടിന് അടുത്തോ, മാളത്തിലോ ഒക്കെ കാണുകയാണെങ്കില്‍ അതിനെ ശല്യപ്പെടുത്തേണ്ടെന്ന് നാട്ടുകാരോട് പറയും. അത് പതിയെ കാട്ടിലേക്ക് പോയ്‌ക്കോളും. ഒരിക്കലും അവയെ പിടിച്ച് കൂട്ടില്‍ ഇടാറില്ല. അതിന്റെ സ്വാഭാവിക ജീവിത പരിസരത്തേക്ക് മടക്കി വിടാറാണ് പതിവ്.

അജയിന്റെ ഒടുവിലത്തെ പദ്ധതി, രക്ഷിക്കുന്ന ഓരോ രാജവെമ്പാലയെയും ടാഗ് ചെയ്യുകയാണ്. ഒരു ധാന്യമണിയോളം ചെറുതായ ടാഗ് രാജവെമ്പാലയുടെ പേശികള്‍ക്കും തൊലിക്കും ഇടയില്‍ സ്ഥാപിക്കുകയാണ് പതിവ്. റേഡിയോ ടെലിമെട്രി ട്രാന്‍സ്മിറ്റര്‍ പോലെ ഇതിന് ബാറ്ററി ആവശ്യമില്ല. ഇതുവരെ 140 രാജവെമ്പാലകളെ ടാഗ് ചെയ്ത് കഴിഞ്ഞു. ആഗുംബെ മഴക്കാടുകളിലെ രാജവെമ്പാലകളുടെ മൊത്തം സംഖ്യ എടുക്കാന്‍ രണ്ടുവര്‍ഷം കൂടി എടുക്കുമെന്ന് അജയ് പറയുന്നു.

രണ്ടുവര്‍ഷമായി അജയ്ഗിരി വീട്ടില്‍ പോയിട്ട്. കാടിനും മൃഗങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ചപ്പോള്‍ വീട്ടില്‍ പോകാന്‍ സമയം കിട്ടുന്നില്ല എന്നതാണ് സത്യം. വീട്ടുകാര്‍ക്ക് ആദ്യമൊക്കെ പേടിയായിരുന്നെങ്കിലും, ഇപ്പോള്‍ ജോലിയുടെ യഥാര്‍ഥ സ്വഭാവം നന്നായി അറിയാം, രാജവെമ്പാലകള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് അജയ് എന്ന്.

Exit mobile version